ഇനിമുതല്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സുഷമാ സ്വരാജ്

പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. വേഗത്തില്‍ പാസ്‌പോര്‍ട്ട്‌ ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കി.

അതേസമയം, ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ മന്ത്രിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരുന്നു. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ മന്ത്രിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്.

മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതിന്‍റെ പേരില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപങ്ങള്‍ നടക്കുന്നതായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. അധിക്ഷേപിക്കുന്ന ട്വീറ്റുകളുടെ ചില മാതൃകകളും അവര്‍ പങ്കുവെച്ചിരുന്നു. മന്ത്രിയുടെ നടപടികളെ വര്‍ഗീയമായി വ്യാഖ്യാനിച്ചുകൊണ്ടും അവരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുമായിരുന്നു ആക്രമണം. ഹിന്ദുത്വ അനുകൂലികളായ ചിലരില്‍നിന്നുണ്ടായ അധിക്ഷേപത്തെ അപലപിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

‘സാഹചര്യമോ കാരണമോ എന്തുമാകട്ടെ, ഒരാളെ ഇങ്ങനെ അധിക്ഷേപിക്കാനും അപമാനിക്കാനും ഭീഷണി മുഴക്കാനും പാടില്ല. സുഷമാജി, സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള ഇത്തരം ഹീനമായ പ്രവൃത്തികളെക്കുറിച്ച് വിളിച്ചുപറയാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’ എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ട്വീറ്റ്.

ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി വ്യക്തമാക്കി മുഹമ്മദ് അനസ് സിദ്ധിഖി, ഭാര്യ തന്‍വി സേഥ് എന്നിവര്‍ സുഷമാ സ്വരാജിന് പരാതി നല്‍കിയിരുന്നു. ഓഫീസിലെത്തിയ അനസിനോട് ഹിന്ദുമതം സ്വീകരിക്കാന്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല തന്‍വിയോട് രേഖകളിലെ പേരുമാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. ഇതോടെയാണ് ഇയാള്‍ക്കെതിരായ നടപടി എന്ന നിലയില്‍ വികാസ് മിശ്രയെ സ്ഥലം മാറ്റിക്കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലുണ്ടായത്. അടുത്ത ദിവസം തന്നെ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്തു.

 

prp

Related posts

Leave a Reply

*