ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ടു യുവതി രംഗത്ത്; ഡിഎൻഎ പരിശോധന നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡൽഹി∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ യുവതിയുടെ ഹർജിയിൽ സുപ്രീംകോടതി ഇന്നു തീരുമാനം അറിയിക്കും. മകളാണെന്ന അവകാശം സ്ഥാപിച്ചുകിട്ടാൻ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിക്കണമെന്നാണ് അമൃതയെന്ന മഞ്ജുളാ ദേവിയുടെ ആവശ്യം. ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ബന്ധുക്കളായ എൽ.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവർക്കൊപ്പമാണ് അമൃത ഹർജി നൽകിയിരിക്കുന്നത്.

ബെംഗളൂരുവിൽ ജയലളിതയുടെ മുതിർന്ന സഹോദരി ഷൈലജയും അവരുടെ ഭർത്താവ് സാരതിയുമാണു തന്നെ വളർത്തിയതെന്നാണ് അമൃതയുടെ അവകാശവാദം. മാർച്ചിൽ സാരതി മരിക്കുന്നതിനു മുൻപു ജയലളിതയുടെ മകളാണു താനെന്നു പറഞ്ഞിരുന്നുവെന്നും അമൃത പറയുന്നു.

ജയയുടെ മകളാണെന്നു കാട്ടി രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജഡ്ജിമാർ, സിബിഐ എന്നിവർക്കൊക്കെ കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും നവംബര്‍ 22ന് സമര്‍പ്പിച്ച ഹർജിയിൽ പറയുന്നു. 1980 ആഗസ്ത് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണ് തനിക്ക് ജന്മം നല്‍കിയതെന്നും ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് നശിക്കാതിരിക്കാന്‍ രഹസ്യമായി വെയ്ക്കുകയായിരുന്നുവെന്നും അമൃത പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം സംഭവത്തില്‍ പരാതിക്കാരി പറയുന്നത് ഒന്നും വ്യക്തമല്ലെന്നും ഇതിനെ സംബന്ധിച്ച്‌ ഞങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്നും എഐഎഡിഎംകെ വക്താവ് സത്യന്‍ രാജന്‍ അഭിപ്രായപ്പെട്ടു.

prp

Related posts

Leave a Reply

*