ഇഷ്ടമുള്ളവര്‍ക്ക് പോകാം അല്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ സിപിഎമ്മിനെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധിയ്ക്ക് എതിരെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരംകൊള്ളിച്ച് സമരത്തിനിറക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.

കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ്. ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളും എന്ന് ഉറപ്പാണെന്നും കോടിയേരി വ്യക്തമാക്കി.

ഇഷ്ടമുള്ളവര്‍ക്ക് പോകാം ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ സിപിഎമ്മിന്. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകള്‍ ഇങ്ങനെ

കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ്. ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളും എന്ന് ഉറപ്പാണ്.

അനാചാരങ്ങളും വിവേചനവും ഇല്ലാതാക്കാന്‍ ക്ഷേത്രങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണത്തിന്റെ വെള്ളിവെളിച്ചം എല്‍ഡിഎഫ് ഭരണകാലത്ത് പരക്കുന്നുണ്ട്. ഇതി ന്‍റെ ഫലമായി ശ്രീകോവിലില്‍ പൂജചെയ്യാന്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ പോലും ഇതുവരെ സ്വാതന്ത്ര്യം കിട്ടാതിരുന്ന വിഭാഗങ്ങള്‍ക്ക്, എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ  നയത്തിന്‍റെ തീരുമാനത്തിന്‍റെയും അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചു. അങ്ങനെയാണ് വേദമന്ത്രങ്ങള്‍ അഭ്യസിച്ച ദളിതര്‍ ക്ഷേത്രപൂജാരിമാരായിരിക്കുന്നത്. ഇത്തരം സാമൂഹ്യവിപ്ലവ പ്രക്രിയയെ ബലപ്പെടുത്തുന്നതാണ് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ശബരിമല പ്രവേശനം.

സുപ്രീംകോടതി വിധിയിലൂടെയാണ് സ്ത്രീപദവി ഉയര്‍ത്തുന്ന ആരാധനയിലെ വിവേചനം അവസാനിപ്പിക്കുന്ന നടപടിക്ക് വഴിതുറന്നിരിക്കുന്നത്. നവോത്ഥാനസാമൂഹ്യപരിഷ്‌കരണ ചിന്തയുള്ളവര്‍ ഇതിനെ തുരങ്കംവയ്ക്കാന്‍ ഇറങ്ങില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരംകൊള്ളിച്ച് സമരത്തിനിറക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.

പന്ത്രണ്ട് വര്‍ഷം കേസ് നടന്നപ്പോള്‍ അതിലിടപെടാന്‍ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിലപാട് സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്താമായിരുന്നില്ലേ. ഇനിയും വേണമെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാമല്ലോ. ഇങ്ങനെയുള്ള നിയമവഴികള്‍ തേടാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന് ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകര്‍ക്കാനുമുള്ള നീക്കം വിപല്‍ക്കരമാണ്.

വിശ്വാസത്തെ അടിച്ചമര്‍ത്താനാണ് സിപിഐ എം നീക്കമെങ്കില്‍ വിശ്വാസികളോടൊപ്പം ബിജെപി നിലയുറപ്പിക്കുമെന്ന വെല്ലുവിളി ശ്രീധരന്‍പിള്ള നടത്തിയിട്ടുണ്ട്. ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകണ്ട. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണ്.

പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന പ്രവണത തലയുയര്‍ത്തുന്നത്. ആ പണിക്ക് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി പുറപ്പെടുന്നത് ഭരണഘടനാവിരുദ്ധവും സ്ത്രീസ്വാതന്ത്ര്യ നിഷേധവുമാണ്.

പുരുഷന്റെ തുല്യപങ്കാളിയെന്ന നിലയില്‍ സ്ത്രീയുടെ പദവി മെച്ചപ്പെടുത്താന്‍കൂടി ഉപകരിക്കുന്നതാണ് ശബരിമല സ്ത്രീപ്രവേശനം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരളസമൂഹത്തിനുണ്ട്. ബി ജെ പിയും കോണ്‍ഗ്രസും ഒരേപോലെ അത് മറന്നുപോകുന്നു.

prp

Related posts

Leave a Reply

*