പ്രവാസികളില്‍ വൃക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

പ്രവാസികളില്‍ വൃക്ക രോഗങ്ങള്‍ കൂടുന്നുവെന്ന് പഠനം. ഗള്‍ഫില്‍ ചൂടില്‍ ജോലിചെയ്യുന്നതും വേണ്ടത്ര വെള്ളം കുടിക്കാത്തതും കാരണമാണു ശരീരത്തിലെ യൂറിക് ആസിഡ് ഉയര്‍ന്ന് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ കൂടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് നെഫ്രോളജി കണ്ടെത്തിയത്. സ്റ്റോണ്‍, വൃക്കയിലെ പഴുപ്പ് തുടങ്ങി മീസോ അമേരിക്കന്‍ കിഡ്നി ഡിസീസ് എന്നറിയപ്പെടുന്ന രോഗങ്ങളാണ് ഗള്‍ഫില്‍ നിന്നെത്തുന്ന പ്രവാസികളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പ്രോട്ടീന്‍ ഉപയോഗം കൂടിയതും പ്രവാസികളില്‍ രോഗം വര്‍ധിക്കാന്‍ കാരണമായി. ഇറച്ചി, മത്സ്യം, കടല, പരിപ്പ് തുടങ്ങിയവ കൂടുതലായി കഴിക്കുന്നതിനാലാണു യൂറിക് ആസിഡ് ഉയരുന്നതെന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ.കെ ജയകുമാര്‍ പറഞ്ഞു.

കൃത്യമായി പരിശോധന നടത്താത്തതു രോഗത്തിന്‍റെ അളവ് വര്‍ധിക്കാന്‍ കാരണമാവുകയാണ്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ ചികിത്സയിലൂടെ ഭേദമാക്കാമെങ്കിലും നാട്ടിലെത്തി പരിശോധന നടത്തുമ്പോഴാണു പലരുടെയും രോഗത്തിന്‍റെ വ്യാപ്തി വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഉപ്പ് കൂടുതലായി കഴിക്കുന്നതും കേരളത്തില്‍ വൃക്ക രോഗത്തിനു കാരണമാകുന്നുണ്ട്. പ്രമേഹവും ജീവിതശൈലീ രോഗങ്ങള്‍ കാരണവും സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. 10 പേരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തില്‍ വൃക്കരോഗങ്ങള്‍ ഉണ്ടെന്നാണു പുതിയ പഠനം. വേദന സംഹാരി മരുന്നുകള്‍ കഴിക്കുന്നതും വൃക്കരോഗികളുടെ എണ്ണം കൂടുന്നുണ്ട്.

ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ വാങ്ങിയുള്ള അമിത ഉപയോഗവും വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്.

prp

Related posts

Leave a Reply

*