പതിനെട്ടടവും പയറ്റാനൊരുങ്ങി പോലീസ്; ഇനി യൂണിഫോമില്ല, പകരം അയ്യപ്പ വേഷവും ഇരുമുടിക്കെട്ടും

പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധക്കാരെ നിരീക്ഷിക്കാനും സുരക്ഷ നല്‍കാനുമായി അടവുകള്‍ മാറ്റി പരീക്ഷിക്കാനൊരുങ്ങി പൊലീസ് യൂണിഫോമിന് പകരം പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ അയ്യപ്പ വേഷവും ഇരുമുടിക്കെട്ടുമേന്തിയാരിക്കും ഇനി പൊലീസിന്‍റെ നില്‍പ്പ്.

സന്നിധാനത്തേക്കു പോകാന്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷനല്‍കുന്നതിനു പൊലീസുകാരെ ഉള്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക മഫ്തി സംഘത്തെയും നിയോഗിക്കാനാണ് ആലോചന. യൂണിഫോണിലുള്ള പൊലീസുകാര്‍ യുവതികള്‍ക്ക് അകമ്പടി പോകുന്നതിനാലാണു പെട്ടെന്നു തിരിച്ചറിയുന്നതും പ്രതിഷേധം ഉണ്ടാകുന്നതെന്നുമാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് അയ്യപ്പവേഷം ധരിച്ച പൊലീസ് മതിയെന്നു തീരുമാനിച്ചത്.

വനിതാമതിലിന്‍റെ പിറ്റേന്നു പുലര്‍ച്ചെ ബിന്ദു, കനകദുര്‍ഗ എന്നിവരെ സന്നിധാനത്തില്‍ എത്തിച്ചതും ഇതേസംഘമാണ്. ഇവര്‍ മഫ്ടിയിലായിരുന്നെങ്കിലും പാന്‍റും ടിഷര്‍ട്ടുമായതിനാല്‍ ചിത്രങ്ങളില്‍ നിന്നു വേഗം തിരിച്ചറിയാന്‍ സാധിച്ചു. അതുണ്ടാകാതിരിക്കാന്‍ അയ്യപ്പന്മാരുടെ വേഷം മതിയെന്നാണ് പുതിയ തീരുമാനം.

യുവതികള്‍ സന്നിധാനത്തില്‍ എത്തിയ ചിത്രങ്ങള്‍ എടുക്കുന്നതും ഇതേ പൊലീസ് സംഘമാണ്. തെളിവായിട്ടാണ് ചിത്രം എടുക്കുന്നത്. സ്ഥിരീകരണത്തിനായി സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങളും അപ്പോള്‍ തന്നെ ശേഖരിച്ച് അയയ്ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ നിന്നുവന്ന ശശികല (47)യുടേതായി പുറത്തുവിട്ട ദൃശ്യം മാറിപ്പോയത് പദ്ധതിയിലെ പാളിച്ചയാണെന്നും അതുണ്ടാകാതിരിക്കാന്‍ അതീവജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സന്നിധാനത്തേക്കു പോകാനായി എത്തുന്ന യുവതികളെപ്പറ്റിയുള്ള വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ തന്നെ ഏതാനും പേരെ മാത്രം അറിയിച്ചാല്‍ മതി. തിക്കിലും തിരക്കിലും അയ്യപ്പന്മാര്‍ക്ക് ഇരുമുടിക്കെട്ട് നഷ്ടപ്പെടാറുണ്ട്. അത്തരം ഇരുമുടിക്കെട്ടുകള്‍ പലയിടത്തുനിന്നായി ഇവര്‍ സംഭരിച്ചു.

സന്നിധാനം പൊലീസ് സ്റ്റേഷന്‍, ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഇത്തരം ഇരുമുടി ചോദിച്ച് ഇവര്‍ എത്തി. സന്നിധാനം സ്റ്റേഷനില്‍ എത്തിയ വിവരം പുറത്തറിഞ്ഞതിന് അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെതിരെ നടപടി എടുക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.

prp

Related posts

Leave a Reply

*