പീതാംബരന്‍റെ കുടുംബത്തിന് സിപിഐഎം രഹസ്യ സഹായം വാഗ്ദാനം ചെയ്തു; പാര്‍ട്ടിക്കെതിരായ നിലപാട് മാറ്റി കുടുംബം

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ എ. പീതാംബരന്‍റെ വീട്ടിലെത്തി സിപിഐഎം മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.

പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന ഭാര്യ മഞ്ജുവും അമ്മ തമ്പായിയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള നിലപാട് പുറത്തുവന്നതോടെയാണ് നേതാക്കള്‍ വീട്ടിലെത്തിയത്.

അതേസമയം, പിന്നീടു പ്രതികരണം തേടിയവരോടു വീട്ടുകാര്‍ ആദ്യം പറഞ്ഞതിങ്ങനെ”ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. ഇനിയൊന്നും പറയാനില്ല.” പാര്‍ട്ടിക്ക് ഇക്കാര്യങ്ങളിലൊന്നും ബന്ധമില്ലെന്നും മാധ്യമങ്ങളോടു കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കരുതെന്നു വിലക്കിയിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, പിന്നീടാണു സഹായവാഗ്ദാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തുറന്നുപറഞ്ഞത്.

പ്രതികള്‍ ദാക്ഷിണ്യം പ്രതീക്ഷിക്കേണ്ടെന്നും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കെയാണു രഹസ്യ സഹായ വാഗ്ദാനം.ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ഇന്നലെ വീട്ടിലെത്തിയ നേതാക്കള്‍ ഉറപ്പുനല്‍കി.

പാര്‍ട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ വാങ്ങിയില്ല. പുറമേ നിന്നുവന്ന ആരൊക്കെയോ ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നും പാര്‍ട്ടിക്കു വേണ്ടി പീതാംബരന്‍ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണു കുടുംബം കരുതുന്നത്.

അതേസമയം, പീതാംബരന്‍റെ വീട് അഞ്ജാതര്‍ അടിച്ച് തകര്‍ത്തു. പുലര്‍ച്ചെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് പീതാംബരന്‍റെ അമ്മയും ഭാര്യയും മകളും വീടൊഴിഞ്ഞു. വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്‍റെ വീട്. വീടിന്‍റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവയും അടിച്ചുതകര്‍ത്തു.

അക്രമസംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. അതേസമയം, വീട് തല്ലിതകര്‍ത്തത് സിപിഐഎം പ്രവര്‍ത്തകര്‍ ആണെന്ന് കോണ്‍ഗ്രസും കൊലപാതകത്തിന്‍റെ പ്രതികാരമെന്നോണം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ അക്രമണത്തിനു പിന്നിലെന്ന് സിപിഐഎമും പരസ്പരം പഴി ചാരി.

prp

Related posts

Leave a Reply

*