ചൂട് കൂടുന്നു; സംസ്ഥാനത്ത് 6 ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉള്‍പ്പെടെ കേരളത്തിലെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കാസര്‍ഗോഡിന് പുറമെ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വെള്ളം കരുതലോടെയും ജാഗ്രതയോടെയും വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും.

ഈ ആറ് ജില്ലകളിലും ഭൂഗര്‍ഭ ജലത്തില്‍ ഉണ്ടായിട്ടുള്ള കുറവ് ആശങ്ക ഉളവാക്കുന്നതാണ്. ഗണ്യമായ കുറവ് ഉണ്ടായതായി സിഡബ്ല്യുആര്‍ഡിഎം പരിശോധനയില്‍ കണ്ടെത്തി. മിക്ക പുഴകളിലെയും നീരൊഴുക്ക് ഇല്ലാതാവുകയും വറ്റാനും തുടങ്ങിയിട്ടുണ്ട്. കിണറുകളിലെയും കുളങ്ങളിലെയും മറ്റ് ജലസ്രോതസുകളിലെയും ജലനിരപ്പിന്‍റെ അളവിലും വലിയ കുറവ് ഉണ്ടാവുകയാണ്. 

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭ്യമാകേണ്ട മഴ കാര്യമായി കിട്ടാത്തതാണ് ഈ ജില്ലകളിലെ ജലക്ഷാമത്തിന് ആക്കം കൂട്ടുന്നത്. 38 ശതമാനം വരെയാണ് കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയുടെ അളവില്‍ കുറവ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച്‌ ആദ്യവാരം വരെയുള്ള നിരീക്ഷണം അനുസരിച്ച്‌ ഭൂഗര്‍ഭജലവിതാനം ഗണ്യമായി താഴ്ന്നിട്ടുണ്ട്.

തുലാവര്‍ഷത്തില്‍ 15 ശതമാനം കുറവുണ്ടായ കോഴിക്കോട് ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലവിതാനം ഒരുമീറ്റര്‍ വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടുന്നത്. കോഴിക്കോട്ടെ സ്ഥിതി ഇതാണെങ്കില്‍ 38 ശതമാനം മഴകുറവുണ്ടായ മറ്റ് ജില്ലകളിലെ ഇടങ്ങളില്‍ ഭൂഗര്‍ഭജല വിതാനത്തിലെ കുറവ് ഭയാനകമാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതു കാരണം അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനില ബാഷ്പീകരണ തോത് ക്രമാതീതമായി കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതും വരള്‍ച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലും മാര്‍ച്ച്‌ ആദ്യവാരവും സംസ്ഥാനത്ത് കാര്യമായി മഴ ലഭിച്ചിട്ടില്ല. ആഗസ്തിലെ പ്രളയശേഷവും കേരളത്തില്‍ പല ജില്ലകളിലും കാര്യമായി മഴ ലഭിച്ചിട്ടില്ല. മഴ ലഭ്യതയിലെ കുറവിനുപുറമേ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍, വനവിസ്തൃതി എന്നിയിലുണ്ടായ കുറവും ഭൂഗര്‍ഭജല പരിപോഷണത്തെ പ്രതികൂലമായി ബാധിച്ചു. വരും മാസങ്ങളിലും കാര്യമായ രീതിയില്‍ മഴയുണ്ടായില്ലെങ്കില്‍ വരള്‍ച്ച ഉറപ്പാണ്.

prp

Related posts

Leave a Reply

*