പി.രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി; നെറ്റി ചുളിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയും

കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് പിന്തുണയുമായി മേജര്‍ രവി എല്‍ഡിഎഫ് ജില്ലാ കണ്‍വെന്‍ഷനില്‍ എത്തി. രാജ്യത്തോട് സ്‌നേഹമുളളതുകൊണ്ടാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയതെന്ന് മേജര്‍ രവി. വേദിയിലും സദസ്സിലും ഇരിക്കുന്ന ബഹുമാന്യരായ സഖാക്കളെ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ പ്രവര്‍ത്തകര്‍ കേട്ടത്.

ഈ വേദിയില്‍ എന്നെ കാണുമ്പോള്‍ പലരും നെറ്റി ചുളിക്കുമായിരിക്കും. എന്നാലും ഞാന്‍ ഇവിടെ നില്‍ക്കുന്നത് പി രാജീവുമായുളള ആത്മബന്ധം കൊണ്ടാണ്. ഒരു രാജ്യസഭാ എംപിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച ജനപ്രതിനിധിയായിരുന്നു പി രാജീവ്. എന്‍റെ വികാരം മനുഷ്യത്വം മാത്രമായതിനാലാണ് പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ എംപിയായിരിക്കെ 798 ചോദ്യങ്ങളാണ് പി രാജീവ് പാര്‍ലമെന്‍റില്‍ ചോദിച്ചത്. ഇവിടെ പല ലോക്‌സഭാ അംഗങ്ങള്‍ 90 ചോദ്യങ്ങള്‍ പോലും ചോദിക്കാറില്ല. രാജീവ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതിനാല്‍ രാജീവിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

പി രാജീവിനെ എല്ലാ വിഭാഗം ജനങ്ങളും നെഞ്ചിലേറ്റുന്നുവെന്നതിന്‍റെ തെളിവായിരുന്നു ജില്ലാ കണ്‍വെന്‍ഷനില്‍ പിന്തുണയുമായെത്തിയ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം. പ്രൊഫ. എം കെ സാനുമാഷ്, കെപിഎസി ലളിത, ബാലചന്ദ്രന്‍ ചുളളിക്കാട്, ആഷിക് അബു, ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ അടക്കം സാംസ്‌ക്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ പരിപാടിയോടെയാണ് പി രാജീവിന്‍റെ പ്രചരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ടത്.

prp

Related posts

Leave a Reply

*