അച്ഛനോടുള്ള പക വീട്ടാന്‍ മകനെ കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജീവപര്യന്തം

കാസര്‍കോഡ്:മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. ഇരിയ സ്വദേശി വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഐപിസി 34, 302 വകുപ്പു പ്രകാരമാണ് ശിക്ഷ.

2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപം അരും കൊലപാതകം നടന്നത്. കല്യോട്ട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്ബോള്‍ വിജയകുമാര്‍ വാക്കത്തിയുമായി വന്നു. ഭയത്താല്‍ ഓടുന്നതിനിടെ ഒരു കാലിന് സ്വാധീന കുറവുള്ള കുട്ടി വീഴുകയും കുട്ടിയെ പ്രതി വാക്കത്തി ഉപയോഗിച്ച്‌ കഴുത്തിനും പുറത്തുമായി വെട്ടുകയുമായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും ഫഹദിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാര്‍ പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഫഹദിന്‍റെ പിതാവിനോടുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ജില്ലാജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ജാമ്യം നല്‍കിയിട്ടില്ല. അറുപതോളം സാക്ഷികളുണ്ടായിരുന്ന കേസില്‍ കൊല്ലപ്പെട്ട ഫഹദിന്‍റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചിരുന്നു.

prp

Related posts

Leave a Reply

*