കലൈജ്ഞര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. വൈകിട്ടോടെയാണ് കരുണാനിധിയുടെ സംസ്‌കാരം നടക്കുക. സംസ്‌കാരം എവിടെ വെച്ച്‌ നടത്തണമെന്നതില്‍ കോടതി തീരുമാനമറിയിച്ചു.

കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് കോടതിയുടെ തീരുമാനം. ഡിഎം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അണ്ണാ സമാധിയ്ക്ക് സമീപമാണ് കരുണാനിധിയുടെ മൃതദേഹം സംസ്‌കരിക്കുക.

അതേസമയം ഡി.എം.കെ അദ്ധ്യക്ഷന്‍ കുരുണാനിധിയുടെ സംസ്‌കാര ചടങ്ങ് മറീന ബീച്ചില്‍ നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികളും സമര്‍പ്പിച്ചവര്‍ തന്നെ പിന്‍വലിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ട്രാഫിക് രാമസ്വാമി അടക്കമുള്ളവര്‍ ഹര്‍ജികള്‍ പിന്‍വലിച്ചത്.

അണ്ണാ സമാധിയ്ക്ക് സമീപത്തെ സ്ഥലം അനുവദിക്കണമെന്ന ഡി.എം.കെയുടെ ആവശ്യം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി.ജി.രമേഷ്, ജസ്റ്റിസ് സുന്ദര്‍ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഇന്നലെ രാത്രി കേസില്‍ വാദം കേട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് മണിയോടെ വാദം തുടരുകയായിരുന്നു.

കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്‍റെ നിലപാടുകളെ ഖണ്ഡിക്കുന്ന രീതിയിലാണ് ഡി.എം.കെ അഭിഭാഷകര്‍ വാദിച്ചത്. മറീനാ ബീച്ച്‌ നിലവില്‍ മുതിര്‍ന്ന നേതാക്കളെ അടക്കിയിരിക്കുന്ന പ്രദേശമാണ്, അതുകൊണ്ട് തന്നെ തീരസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ മറീനാ ബീച്ചില്‍ ഉള്‍പ്പെടില്ല, ഇവിടെ ശവകുടീരങ്ങള്‍ സ്ഥാപിക്കുന്നതിനെച്ചൊല്ലി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഭൂരിഭാഗവും പിന്‍വലിക്കപ്പെട്ടെന്നും അഭിഭാഷകര്‍ വാദിച്ചു. കരുണാനിധിയെ അണ്ണാസമാധിയ്ക്ക് സമീപം അന്തിയുറങ്ങാന്‍ അനുവദിക്കാത്തത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്നും അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു.

അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്ക് തിരിച്ചു. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാന്‍ രാജാജി ഹാളിലേക്ക് അണികളുടെയും പ്രമുഖരുടെയും ഒഴുക്കാണ്. മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി, ഒ പനീര്‍ സെല്‍വം, നടന്‍ രജനികാന്ത് തുടങ്ങിയവര്‍ പുലര്‍ച്ചെ തന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി മുതല്‍ ആയിരക്കണക്കിന് ആളുകള്‍ രാജാജി ഹാളിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. കൂടാതെ നടന്‍ സൂര്യ, അജിത്ത്, ശാലിനി തുടങ്ങിയ ചലചിത്ര താരങ്ങളും അദ്ദേഹത്തിനെ അവസാനമായി കാണാന്‍ ഹാളിലെത്തിയിരുന്നു.

prp

Related posts

Leave a Reply

*