മുത്തശ്ശിയെ മര്‍ദ്ദിച്ച സംഭവം; ദീപയ്ക്കും പറയാനുണ്ട് കരളുരുകും നൊമ്പരം

കണ്ണൂര്‍: ആയിക്കരയില്‍ 90 വയസ്സായ മുത്തശ്ശിയെ ചെറുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പോലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്നത്തില്‍ ഇടപെട്ടു. ഈ വീട്ടിലെ അമ്മയെയും മുത്തശ്ശിയെയും പോലീസ് അഗതിമന്ദിരത്തിലേക്ക് മാറ്റി.

കാര്യം അന്വേഷിച്ചെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഉള്ളുപൊള്ളുന്ന സങ്കടകഥയാണ്. സങ്കടമഴ ഇടിവെട്ടിപ്പെയ്തു. വര്‍ഷങ്ങളായി അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍ നല്‍കിയ മാനസിക സംഘര്‍ഷം ദീപയെ അമ്മയെ തല്ലിയവളാക്കി.

സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ദൃശ്യങ്ങളിലെ പ്രതി ഉപ്പാലവളപ്പില്‍ ദീപയ്ക്ക് ഒന്നേ പറയാനുള്ളൂ ”എന്റെ സങ്കടങ്ങള്‍ വെറുതെ ഒന്നു കേള്‍ക്കാനെങ്കിലും ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഇതുണ്ടാകില്ലായിരുന്നു”. 90 വയസ്സായ അമ്മമ്മയെ തല്ലുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ദീപ(39) അറസ്റ്റിലായത്. രണ്ട് ചെറിയ മക്കളും പ്രായമായ അമ്മ ജാനകിയും മുത്തശ്ശി കല്യാണിയുമാണ് (90) ദീപയ്ക്കൊപ്പം താമസിക്കുന്നത്. ഇവരെ ഒറ്റയ്ക്കിട്ട് പോകാനാകാത്തതിനാല്‍ രണ്ടുമാസത്തിലേറെയായി ഇവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. പലരോടും കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്.

അമ്മയ്ക്കും മുത്തശ്ശിക്കുമുള്ള മരുന്ന് മുടക്കാതിരിക്കാനും ദീപ പലരോടും കടംവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ട് നാളേറെയായി. രണ്ടുവയസ്സുള്ള പെണ്‍കുട്ടിപോലും ആക്രമണത്തിനിരയായിട്ടുണ്ട്. പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് ദീപയെന്നും അധികൃതര്‍ക്ക് ബോധ്യമായി. വര്‍ഷങ്ങളായി അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍ക്കിടയില്‍ ഒരു നിമിഷമുണ്ടായ പ്രകോപനമാണ് ദീപയെക്കൊണ്ടിതു ചെയ്യിച്ചതെന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരടക്കം ആരും മനസ്സിലാക്കിയില്ല. അയല്‍ക്കാരുമായുണ്ടായ ചില പ്രശ്നങ്ങളുടെ തുടര്‍ച്ചയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളെന്ന് ദീപ പറയുന്നു.

അന്നും പ്രശ്നമുണ്ടായി. ” ആരോടും ദേഷ്യം കാണിക്കാനില്ല, ആ പ്രകോപനത്തിലാണ് അമ്മമ്മയെ തല്ലിയത്. ചെയ്തത് തെറ്റാണെന്ന് അറിയാം, ഞാനൊരു മനുഷ്യനല്ലേ, എന്റെ സങ്കടം ആരോടാണു പറയേണ്ടത്?”

നഗരത്തിലെ തയ്യല്‍ക്കടയില്‍ സഹായിയായി ഇടക്കാലത്തു ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്താന്‍ രാത്രിയാകും. അടച്ചുറപ്പില്ലാത്ത വീട്ടില്‍ മകള്‍ക്കു നേരെ ചില അതിക്രമ ശ്രമങ്ങളുണ്ടായതോടെ ഭയം മൂലം വീടുവിട്ടിറങ്ങാതെയായി.ജോലിക്കു പോകുന്നതും നിര്‍ത്തി. ഇതോടെ കുടുംബം മുഴുപ്പട്ടിണിയിലായി. വരുമാനമില്ലെങ്കിലും സര്‍ക്കാര്‍ ഇവര്‍ക്ക് എ പി എല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.

സമീപത്തു വലിയ വീടും രണ്ടു കാറുമുള്ളവര്‍ ബിപിഎല്‍ കുടുംബമായപ്പോള്‍ ദീപയും മക്കളും എപിഎല്‍ കുടുംബമായി. അതുകൊണ്ടു മാസം തോറും ലഭിക്കുന്ന രണ്ടു കിലോഗ്രാം അരിയാണ് ഈ കുടുംബത്തിന്‍റെ ഭക്ഷണം. പിന്നെ സന്നദ്ധ പ്രവര്‍ത്തകര്‍ വല്ലപ്പോഴും നല്‍കുന്ന സഹായവും.

പക്ഷേ, ഇതൊന്നും വയോജനങ്ങളെ മര്‍ദിക്കുന്നതിന് ന്യായീകരണമല്ല. അതിനുള്ള നിയമനടപടികള്‍ തുടരുമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സി.സുരേഷ്കുമാര്‍ പറഞ്ഞു. ഒപ്പം, ഈ കുടുംബത്തെ സഹായിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*