കെ-ഫോണും കഴുത്തില്‍ ചുറ്റുന്നു; അധികബാധ്യത 200 കോടി രൂപ!

പത്തനംതിട്ട : അതിവേഗ ഇന്റര്‍നെറ്റ്‌ ലക്ഷ്യമിട്ടു സംസ്‌ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതിപ്രകാരം 20 ലക്ഷം ബി.പി.എല്‍.

കുടുംബങ്ങള്‍ക്കു സൗജന്യ കണക്‌ഷന്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്നത്‌ 200 കോടി രൂപയുടെ അധികബാധ്യത. വന്‍സാമ്ബത്തികപ്രതിസന്ധി നേരിടുന്ന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതിക്കായി ഡാറ്റ നല്‍കേണ്ട ബി.എസ്‌.എന്‍.എല്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുമില്ല.
30,000-ല്‍ അധികം സര്‍ക്കാര്‍സ്‌ഥാപനങ്ങളിലും വിദ്യാഭ്യാസസ്‌ഥാപനങ്ങളിലും 10 എം.ബി.പി.എസ്‌. മുതല്‍ 1 ജി.ബി.പി.എസ്‌. വേഗത്തില്‍ ഇന്റര്‍നെറ്റ്‌ വാഗ്‌ദാനം ചെയ്‌ത സര്‍ക്കാര്‍ ഇതുവരെ 4000 ഓഫീസുകളില്‍ മാത്രമാണു കണക്‌ഷന്‍ എത്തിച്ചത്‌. അതും പവര്‍ഗ്രിഡിന്റെ സഹായത്തോടെ, പരീക്ഷണാടിസ്‌ഥാനത്തില്‍. ഗാര്‍ഹിക കണക്‌ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി 14,000 ബി.പി.എല്‍. കുടുംബങ്ങളുടെ ആദ്യപട്ടിക തയാറാക്കാന്‍ തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടു മൂന്നുമാസം കഴിഞ്ഞു. 140 മണ്ഡലങ്ങളില്‍നിന്നു 100 വീതം കുടുംബങ്ങളെ തെരഞ്ഞെടുക്കാനാണു നിര്‍ദേശം. എന്നാല്‍, ഗുണഭോക്‌താക്കളെ കണ്ടെത്താന്‍ തദ്ദേശസ്‌ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.
കേരളാ വിഷന്‍ എന്ന കേബിള്‍ നെറ്റ്‌വര്‍ക്ക്‌ സ്‌ഥാപനം മുഖേനയാണു കെ-ഫോണ്‍ കണക്‌ഷന്‍ നല്‍കുന്നത്‌. എന്നാല്‍, കേരളാ വിഷന്‌ എല്ലായിടത്തും നെറ്റ്‌വര്‍ക്കില്ല. നെറ്റ്‌വര്‍ക്ക്‌ ഉള്ളയിടങ്ങളില്‍ സ്വന്തമായി കമ്ബ്യൂട്ടര്‍/ലാപ്‌ടോപ്‌ ഉള്ളവര്‍ നന്നേ കുറവ്‌. ബി.പി.എല്‍. കുടുംബങ്ങളില്‍ ഏറെയും പ്രധാനപാത വിട്ട്‌ ഏറെ അകലെയാണു താമസം. അവിടങ്ങളിലേക്കു കേബിള്‍ വലിച്ച്‌ മോഡം സ്‌ഥാപിക്കാന്‍ ഒരു വീടിന്‌ ആയിരത്തിലേറെ രൂപ ചെലവാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. കേരളാ വിഷന്‍ അധികൃതര്‍ക്കാകട്ടെ പദ്ധതിയെപ്പറ്റി കാര്യമായ പിടിയില്ല.
സ്‌ഥലം എം.എല്‍.എ. നിര്‍ദേശിക്കുന്ന തദ്ദേശസ്വയംഭരണസ്‌ഥാപനപരിധിയിലെ വാര്‍ഡുകളില്‍നിന്നു മുന്‍ഗണനാടിസ്‌ഥാനത്തിലാണു ഗുണഭോക്‌തൃകുടുംബങ്ങളെ തെരഞ്ഞെടുക്കുക. കെ-ഫോണ്‍ കണക്‌ടിവിറ്റിക്കു കൂടുതല്‍ യോജ്യമായതും പട്ടികവര്‍ഗ/ജാതിക്കാര്‍ കൂടുതലുള്ളതുമായ വാര്‍ഡുകളാകും പരിഗണിക്കുക. അതില്‍ത്തന്നെ, തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ പട്ടികവര്‍ഗകുടുംബങ്ങള്‍ക്കാണു മുന്‍ഗണന. തുടര്‍ന്ന്‌, ഇതേ മാനദണ്ഡത്തിലുള്ള പട്ടികജാതി കുടുംബങ്ങള്‍. കോളജ്‌ വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ/ജാതി കുടുംബങ്ങള്‍ക്കാണ്‌ അടുത്ത പരിഗണന. തുടര്‍ന്ന്‌, 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള മറ്റ്‌ കുടുംബങ്ങളെ ഏറ്റവും ഒടുവിലാകും പരിഗണിക്കുക.

സജിത്ത്‌ പരമേശ്വരന്‍

prp

Leave a Reply

*