ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി

ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാലയില്‍ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുന്നു. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂണിയന്‍ പ്രസിഡന്‍റ് എന്‍. സായ് ബാലാജി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് മര്‍ദനമേറ്റു.  യൂണിയന്‍ തെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് എബിവിപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കോളേജിലെ സത്‌ലജ് ഹോസ്റ്റലില്‍ പുലര്‍ച്ചെ 2.30ന് അതിക്രമിച്ച് കടന്ന വിദ്യാര്‍ത്ഥികള്‍ ഇടത് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടതു വിദ്യാര്‍ത്ഥി നേതാവായ പവന്‍ മീണയെ ആക്രമിക്കുന്നതറിഞ്ഞാണ് സായ് ബാലാജിയും സംഘവും ഹോസ്റ്റലിലെത്തിയ എന്‍. സായ് ബാലാജിയേയും എബിവിപിക്കാര്‍ മര്‍ദിച്ചുവെന്നാണ് ആരോപണം. വടിയും കുപ്പികളുമായി എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.

മുന്‍ യൂണിയന്‍ പ്രസിഡന്‍റ് ഗീതാകുമാരിക്ക് നേരെയും ആക്രമണമുണ്ടായി. അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പിന്നാലെ ഝലം ഹോസ്റ്റലിലെത്തിയ വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവിലെ പൂര്‍വവിദ്യാര്‍ത്ഥി അഭിനയിയെയും ക്രൂരമായി മര്‍ദിച്ചു. അബോധാവസ്ഥയിലായ അഭിനയിയെ സായ് ബാലാജിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘമാണ് ആശുപത്രിയിലെത്തിച്ചത്.

അതേസമയം, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിച്ചുവെന്ന ആക്ഷേപവുമായി എബിവിപി പ്രതിനിധികളും രംഗത്തെത്തി. മുന്‍ യൂണിയന്‍ പ്രസിഡന്‍റ് ഗീതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണു പരാതി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുവിദ്യാര്‍ത്ഥി സംഘടനകളും വസന്ത്കുഞ്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ചയും ഇരുവിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. യൂണിയനിലെ നാല് പ്രധാന സീറ്റിലും ഇടതുസഖ്യമാണ് വിജയം നേടിയത്.

prp

Related posts

Leave a Reply

*