കരുണാകരനെതിരായ രാഷ്ട്രീയ ഗൂഢാലോചന പുറത്തുവരണമെന്ന് പത്മജ വേണുഗോപാല്‍

കൊച്ചി : ഐ എസ് ആര്‍ ഒ ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചന ഇനി പുറത്തുവരണമെന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു. കേസിലെ പുകമറ നീങ്ങേണ്ടതുണ്ട്. സുപ്രീംകോടതി വിധിയില്‍ സന്തോഷം തോന്നി. കരുണാകരന് മരണം വരെ മനോവേദനയുണ്ടാക്കിയ സംഭവമാണ് ചാരക്കേസെന്നും പത്മജ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ അനുഭവിച്ച ദുരിതങ്ങള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം വേദനയുണ്ടാക്കിയ സംഭവമായിരുന്നു. ഉദ്യോഗസ്ഥര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചപ്പോള്‍, അവര്‍ തെറ്റു ചെയ്തു എന്നതിന് വേറെ തെളിവ് വേണ്ടല്ലോ. കുറ്റക്കാരല്ലെങ്കില്‍ അവരോട് നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി പറയില്ലല്ലോയെന്ന് പത്മജ പറഞ്ഞു.

ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ സ്വമേധയാ പ്രവര്‍ത്തിക്കില്ല. അവര്‍ക്ക് നമ്ബി നാരായണനോട് വിരോധം തോന്നേണ്ട കാര്യമില്ല. അപ്പോള്‍ ആരുടെയോ കയ്യിലെ ചട്ടുകമായിട്ടാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകുക എന്ന് തീര്‍ച്ചയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഇതിലെ പുകമറ ഇപ്പോഴും നീങ്ങിയിട്ടില്ല. സത്യം എന്നായാലും പുറത്തുവരിക തന്നെ ചെയ്യും. അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും പത്മജ പ്രതികരിച്ചു.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്ബിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നായിരുന്നു ആരോപണം.

കേസ് ആദ്യം അന്വേഷിച്ച സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന സി.ബി.ഐ. ആന്വേഷണത്തില്‍ കുറ്റാരോപിതര്‍ക്കെതിരെ തെളിവ് ഇല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയായിരുന്നു. ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു.

prp

Related posts

Leave a Reply

*