ന്യൂഡല്‍ഹി: ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തു പുത്രിയാണ് താനെന്നും പിതാവുമായി തനിക്കുള്ള ബന്ധത്തെകുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഹണിപ്രീത് ഇന്സാന് .
പിതാവിന് മകളെ സ്നേഹിച്ചു കൂടെയെന്നും സ്നേഹപൂര്‍വം സ്പര്‍ശിക്കുന്നതിന് എന്താണ് കുഴപ്പമെന്നും ഹണിപ്രീത് ചോദിച്ചു. നിയമോപദേശം ലഭിച്ചശേഷം താന്‍ പൊലീസില്‍ കീഴടങ്ങുമെന്നും ഹണിപ്രീത് പറഞ്ഞു. ഹണിപ്രീതും ഗുര്‍മീതുമായി അവിഹത ബന്ധമുണ്ടെന്ന് ഹണിപ്രീതിന്റെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാമറയ്ക്ക് മുമ്പിലെത്തി നിലപാട് വിശദീകരിക്കാന്‍ അവര്‍ തയ്യാറായത്.
നാടുവിട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ എവിടേക്കും പോയിട്ടില്ലെന്നും ഹണിപ്രീത് പറഞ്ഞു . ശരിയായ നിയമോപദേശം ലഭിക്കും വരെ കാത്തിരിക്കുകയാണ്, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
ഗുര്‍മീത് സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന്, 41 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഹണിപ്രീത്, അറസ്റ്റ് ഒഴിവാക്കാന്‍ ആഗസ്ത് 25 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് സെപ്തംബര്‍ 27ന് ഹണിപ്രീത് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.