സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല: ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി:  പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല, ചരിത്രവിധിയുമായി സുപ്രീംകോടതി. ഇതോടെ സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തവ് പുറപ്പെടുവിച്ചത്.

വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി.ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിനെ കൂടാതെ ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.

നര്‍ത്തകന്‍ നവതേജ് ജോഹര്‍, മാധ്യമപ്രവര്‍ത്തക സുനില്‍ മെഹ്‌റ, ഷെഫ് റിതു ഡാല്‍മിയ, ഹോട്ടലുടമകളായ അമന്‍ നാഥ് , കേശവ് സുരി, ബിസിനസ് എക്‌സിക്യൂട്ടീവ് അയേഷ കപൂര്‍, ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ് സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

വകുപ്പു റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുളള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണു ഹര്‍ജിക്കാരുടെ വാദം. അതേസമയം, കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്ന് ആരോപിച്ച്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്ന രാജ്യത്തെ നിയമവ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നാണു ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലപാട്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുളള അവകാശത്തെ ലംഘിക്കുന്നതാണ് 377-ാം വകുപ്പ്.

സ്വവര്‍ഗരതിയെ രാജ്യവും പൊതുസമൂഹവും അംഗീകരിക്കണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കുന്നതിനിടെ പ്രതികരിച്ചത്.

ഇന്ത്യന്‍ സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനം പുലര്‍ത്തുന്നുവെന്നു നിരീക്ഷിച്ച കോടതി, സമൂഹത്തിന്റെ മനോഭാവം കാരണം പലര്‍ക്കും യഥാര്‍ഥ ലൈംഗിക അഭിരുചി വെളിപ്പെടുത്താന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

prp

Related posts

Leave a Reply

*