‘അവനെ പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്ന് തോന്നി’, ഭീതിജനകമായ നിമിഷങ്ങളോര്‍ത്ത് രശ്മി

ചെങ്ങന്നൂര്‍ : പ്രളയക്കെടുതിയില്‍ വീടിന്‍റെ രണ്ടാം നിലയും കടന്ന് വെള്ളം പൊങ്ങിയപ്പോള്‍ പലരും അത് ജീവിതത്തിന്‍റെ അവസാനമാണെന്ന് കരുതി. മരണമുഖത്ത് നിന്നാണ് പലരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ജീവന്‍ തിരികെക്കിട്ടിയവര്‍ക്ക് ഇത് രണ്ടാം ജന്മമാണ്. തങ്ങള്‍ രക്ഷപെട്ടുവെന്ന് പോലും ആര്‍ക്കും വിശ്വസിക്കനാകുന്നില്ല. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെ കുറിച്ച്‌ പലരും അനുഭവം തുറന്ന് പറഞ്ഞു. അവര്‍ക്കൊപ്പം ദൈവത്തോടും രക്ഷാപ്രവര്‍ത്തകരോടും നിറ കണ്ണുകളോടെ നന്ദി പറയുകയാണ് രശ്മി.

മഴയെ തുടര്‍ന്ന് പാണ്ടനാട്ടെ വീട്ടില്‍ ഇരുനിലകളിലും വെള്ളം കയറിയപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ മരണത്തെ മുഖാമുഖം കണ്ട അനുഭവമാണ് രശ്മി തുറന്ന് പറയുന്നത്.
‘വെള്ളം കയറാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസമായിരുന്നു, രണ്ടാം നിലയിലേക്കും വെള്ളം ഇരച്ചെത്തുന്നു. ഞങ്ങളെല്ലാവരും മുങ്ങിപ്പോകുമെന്ന് ഉറപ്പായി.

എന്‍റെ മോന്   11 മാസമേ ആയിട്ടുള്ളൂ. അവനെ ഒരു പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്നു തോന്നി. അവനെങ്കിലും രക്ഷപ്പെടട്ടെ എന്നായിരുന്നു അപ്പോഴത്തെ വിചാരം’. തന്‍റെ പൊന്നോമനയായ കുഞ്ഞു ദര്‍ശനെ മാറോട് ചേര്‍ത്ത് നിറ കണ്ണുകളോടെ രശ്മി പറയുന്ന വാക്കുകളാണിവ.

15നു രാവിലെ വീടിനുള്ളിലേക്കു വെള്ളം കയറിത്തുടങ്ങിയപ്പോള്‍ അടുത്ത വീടിന്‍റെ ഒന്നാംനിലയിലേക്ക് അച്ഛന്‍ രാധാകൃഷ്ണപിള്ളയ്ക്കും അമ്മ സുഷമയ്ക്കുമൊപ്പം മാറിയതാണു രശ്മിയും മകനും. ഭര്‍ത്താവ് അജിത്ത് വിദേശത്താണ്. 14 കുടുംബങ്ങളില്‍ നിന്നായി 58 പേരാണു കെട്ടിടത്തിന്റെ ഒന്നാംനിലയിലുണ്ടായിരുന്നത്. ഇവരില്‍ പത്തു പേര്‍ കുട്ടികളായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണു നാവികസേന നദിയിലൂടെയെത്തി ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവര്‍ എവിടെയെന്നറിയാതെ പരക്കം പായുകയായിരുന്നു ബന്ധുക്കള്‍. ഒടുവില്‍ പരുമല പള്ളിയോടു ചേര്‍ന്ന ക്യാംപിലെത്തി അന്വേഷിച്ചപ്പോഴാണു ബന്ധുക്കള്‍ക്ക് ഇവരെ കണ്ടെത്താനായത്.

prp

Related posts

Leave a Reply

*