ഹനാനെതിരായ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍

കൊച്ചി: തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍ . വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ഖാണ് പിടിയിലായത്. യൂണിഫോമില്‍ മീന്‍ വിറ്റതിനെതിരെയായിരുന്നു നൂറുദ്ദീന്‍റെ അധിക്ഷേപം. കൊച്ചിയില്‍ നിന്ന് പിടികൂടിയ നൂറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതല്‍ പേരെ പൊലീസ് കണ്ടെത്തി.

കൊച്ചിയിൽ താമസക്കാരനാണ് നൂറുദ്ദീൻ ഷെയ്ഖ്. ഇയാള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഹനാനിനെതിരെ സോഷ്യൽ ലോകത്തെ തിരിച്ചതെന്നാണ്  ആക്ഷേപം. ഈ ലൈവിന് താഴെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് എത്തുന്നത്.  ഹനാൻ നാട്ടുകാരെ വഞ്ചിച്ചു എന്ന കഥ ആദ്യം മുതൽ വന്നിട്ടുള്ളത് ഒരൊറ്റ പ്രൊഫൈലിൽ നിന്നാണെന്ന ആരോപണവുമായി ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായ നെൽസൺ ജോസഫ് ഫെയ്സ്ബുക്കിൽ രംഗത്തെത്തിയിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു ഹനാന്‍ പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിച്ചിരുന്നത്. ഇക്കാര്യം വാർത്തയായതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം പെരുകിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശപ്രകാരം പൊലീസ് ഹനാന്‍റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

ഹനാൻ നവരത്നമോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗസ് ഇട്ടാണ് മീൻ വിൽക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുൺ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് നൂറുദ്ദീന്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞത്.ഹനാന്‍റെ മീന്‍ക്കച്ചവടം തട്ടിപ്പാണെന്നും ഇതില്‍ വഞ്ചിക്കപ്പെടരുതെന്നുമാണ് അയാള്‍ പറഞ്ഞത്. ഇതോടെ നൂറുദ്ദീന്‍ പറഞ്ഞ വാക്കുകള്‍ നിരവധിപേരാണ് ഷെയര്‍ ചെയ്തത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഹനാനെതിരെ വ്യാജപ്രചാരണം നടത്തിയ നൂറുദ്ദീന്‍ ഷെയ്ഖ് പിന്നീട് തന്‍റെ ആരോപണങ്ങള്‍ തിരുത്തിക്കൊണ്ട് ലൈവുമായി എത്തി.

prp

Related posts

Leave a Reply

*