ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മൊഴികളില്‍ വൈരുദ്ധ്യം

ന്യൂഡല്‍ഹി: വിവാദമായ ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുന്‍പായിരിക്കും ഹാദിയ കേസ് പരിഗണിക്കുക.

സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതെന്നുമാണ് ഹാദിയയുടെ മൊഴി. ഇത് കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കി എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.

വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍. ഇത് സംബന്ധിച്ച്‌ എന്‍ഐഎ ഉടനെ റിപ്പോര്‍ട്ട് നല്‍കിയേക്കും. നേരത്തെ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണ് ഹാദിയയുടെ വരനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡ്രൈവറുടെ മൊഴിയും എന്‍ഐഎക്ക് ലഭിച്ചു.

വിവാഹം സംബന്ധിച്ച്‌ ഡ്രൈവറുടെ മൊഴി വന്നതോടെ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. ഹാദിയ പറഞ്ഞ വിവാഹ വെബ് സൈറ്റ് പണം നല്‍കുന്നവര്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും, വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഷെഫിന്‍ ഈ വെബ് സൈറ്റില്‍ അക്കൗണ്ട് തുടങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തി

കഴിഞ്ഞ തവണ കേസ് പരിഗണിച്ച സുപ്രീംകോടതി ഹാദിയയെ വീട്ടില്‍നിന്നും തുടര്‍പഠനത്തിനായി സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജിലേക്ക് അയച്ചിരുന്നു . അതിനുശേഷം ഇന്നാണ് കേസ് പരിഗണിക്കുന്നത്.   ഷെഫിന്‍ ജഹാനു ഭീകരബന്ധം ഉണ്ട് എന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആരോപണം. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകണം എന്നാണു ഹാദിയയുടെ നിലപാട്.

 

 

prp

Related posts

Leave a Reply

*