വിലകൂടിയത് കണ്ട് കയ്യിലെ സ്വര്‍ണവുമായി ജുവലറിയിലേക്ക് ഓടേണ്ട, ഇക്കാരണങ്ങളാല്‍ ഇപ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കുന്നത് മണ്ടത്തരമാണ്

സ്വര്‍ണവിലയിലെ കുതിപ്പിന് ചുവട് വെച്ച്‌ പഴയ സ്വര്‍ണം വിപണിയലേക്ക് കൂടുതലായെത്തുന്നതായി വ്യാപാരികള്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാങ്ങിയതിന്റെ എത്രയോ ഇരട്ടി തുകയാണ് നിലവിലെ വിപണി വില. ഇതോടെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള എളുപ്പ വഴിയായി പഴയ സ്വര്‍ണ വില്‍പ്പന മാറിയിട്ടുണ്ട്. പണയം വെച്ച്‌ പലിശ കൊടുക്കുന്നതിനെക്കാള്‍ നല്ലത് കൂടിയ വില ലഭിക്കുമ്ബോള്‍ സ്വര്‍ണം വില്‍ക്കുന്നതാണെന്ന മനോഭാവവും ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്ബ് കൊവിഡ് കാലത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന കാലത്തും പഴയ സ്വര്‍ണ വില്‍പ്പന കൂടിയിരുന്നു. വില ഇനിയും കൂടുമെന്ന് കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനവും വന്നതിനാല്‍ വില്‍പ്പനയ്‌ക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

പൊള്ളുന്ന വില

ഒറ്റ ദിവസം 480 രൂപ വര്‍ദ്ധിച്ചതോടെ ഇന്നലെ സ്വര്‍ണ വില പവന് 42,880 രൂപയിലെത്തി. പണിക്കൂലി ഉള്‍പ്പടെ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ അമ്ബതിനായിരം രൂപയ്ക്ക് മുകളില്‍ മുടക്കണം. വിലയുടെ 35 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന സ്വര്‍ണാഭരണശാലകളുണ്ട്. എന്നാല്‍ സ്വര്‍ണം വില്‍ക്കാനെത്തുന്നവര്‍ക്ക് നിശ്ചിത ശതമാനം കുറവില്‍ മാത്രമേ വില ലഭിക്കൂ. എന്നിരുന്നാലും, വാങ്ങിയ വിലയെക്കാള്‍ ലാഭം വില്‍പ്പന സമയത്ത് ലഭിക്കുമെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പുണ്ട്. വില ഉയരുംതോറും പുതിയ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവും പ്രകടമാണ്.

മണ്ടത്തരമെന്ന് വിദഗ്ദ്ധര്‍

വില വര്‍ദ്ധനവിന്റെ കുട പിടിച്ച്‌ കൈയിലിരിക്കുന്ന സ്വര്‍ണം വിറ്റ് പണമാക്കുന്നത് മണ്ടത്തരമാണെന്ന് സ്വര്‍ണ വ്യാപാര മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്ബത്തുള്ള വിദഗ്ദ്ധര്‍ പറയുന്നു. വില ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തിരക്ക് പിടിച്ചുള്ള വില്‍പ്പന ഭാവിയില്‍ നഷ്ടബോധമുണ്ടാക്കും. കൈയിലുള്ള ആഭരണം വിറ്റ് പണമാക്കിയാല്‍, പിന്നീട് ആഭരണം വാങ്ങാന്‍ വലിയ തുക ചെലവഴക്കേണ്ടി വരും. മാന്ദ്യസാധ്യത നിലനില്‍ക്കുന്നതും യുദ്ധം തുടരുന്നതും പണപ്പെരുപ്പം നിയന്ത്രണവധേയമാകാത്തതും സ്വര്‍ണവില ഉയരാനുള്ള സാദ്ധ്യതയാണ് തുറന്നിടുന്നത്.

പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. വിപണി വില വര്‍ദ്ധിക്കുമ്ബോള്‍ ധാരാളം പേര്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നു. ഇതോടെ നിലവിലേതിലും വലിയ വില ലഭിക്കുന്ന സമയമാകുമ്ബോള്‍ കൈയില്‍ സ്വര്‍ണമില്ലാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്

prp

Leave a Reply

*