കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദിന് ഏഴുവര്‍ഷം തടവും പിഴയും

റാഞ്ചി: കാലിത്തീറ്റകുഭകോണത്തിലെ നാലാം കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസുകളില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ലാലുവിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ദുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ 3.13 കോടി രൂപ വ്യാജ ബില്ലുകളും വൗച്ചറുകളും നല്‍കി അനധികൃതമായി പിന്‍വലിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കേസില്‍ ലാലു ഉള്‍പ്പെടെ 19 പേര്‍ കുറ്റക്കാരാണെന്ന് മാര്‍ച്ച്‌ 19 ന് കോടതി വിധിച്ചിരുന്നു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 12 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. അസുഖബാധിതനായ ലാലു ആശുപത്രിയില്‍ നിന്നായിരുന്നു വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്.

കുംഭകോണവുമായി ബന്ധപെട്ട് ഇനി രണ്ട് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്. നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആദ്യ കേസില്‍ അഞ്ച് വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷവും ലാലുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.

 

prp

Related posts

Leave a Reply

*