എത്യോപ്യന്‍ വിമാനാപകടം; മരിച്ചവരിലെ നാല് ഇന്ത്യക്കാരില്‍ ഒരാള്‍ യുഎന്‍ ഉദ്യോഗസ്ഥ

ന്യൂഡല്‍ഹി: എത്യോപ്യന്‍ യാത്രാവിമാനം തകര്‍ന്ന് മരിച്ചവരിലെ നാല് ഇന്ത്യക്കാരില്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയും. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്.

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎന്നിന്‍റെ പരിസ്ഥിതി പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവര്‍.

അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമാസ്വരാജ് പറഞ്ഞു. വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ ഇ.ടി. 302 വിമാനമാണ് ഞായറാഴ്ച രാവിലെ ആഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷോഫ്തു നഗരത്തില്‍ തകര്‍ന്നുവീണത്. ആഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 32 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

നാല് ഐക്യരാഷ്ട്രസഭാ ജീവനക്കാരും മരിച്ചവരില്‍പ്പെടുന്നു. 32 പേര്‍ കെനിയയില്‍ നിന്നുള്ളവരാണ്. 18 കനേഡിയന്‍ പൗരന്മാരും ഒമ്പത് എത്യോപ്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു.

prp

Related posts

Leave a Reply

*