ഭൂകമ്ബത്തില്‍ നടുങ്ങി ഇന്തോനേഷ്യ ; 162 മരണം

ജക്കാര്‍ത്ത

ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ തിങ്കളാഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ 162 മരണം. നാനൂറിലധികം പേര്‍ക്ക് പരിക്കേറ്റു.

2200 കെട്ടിടങ്ങള്‍ തകര്‍ന്നു. അയ്യായിരത്തിലധികം പേര്‍ ഭവനരഹിതരായി. 13,000ലധികംപേരെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ ആളുകളെ കണ്ടെത്തിയതോടെ ആശുപത്രികളില്‍ പാര്‍ക്കിങ് ഏരിയയില്‍ ഉള്‍പ്പെടെ കിടത്തിച്ചികിത്സ ആരംഭിച്ചു. ചികിത്സയിലുള്ള നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരും.

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാഞ്ചുര്‍ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായത്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടാണ് മരണത്തില്‍ അധികവും സംഭവിച്ചത്. മേഖലയില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലുമുണ്ടായി. ജക്കാര്‍ത്ത ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായി തുടര്‍പ്രകമ്ബനങ്ങളുണ്ടായി. തലസ്ഥാന നഗരത്തിലെ ഉയരമേറിയ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭൂകമ്ബങ്ങള്‍ പതിവായ രാജ്യത്തെ പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയില്‍ ഫെബ്രുവരിയിലുണ്ടായ ഭൂകമ്ബത്തില്‍ 25 പേര്‍ മരിക്കുകയും 460 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2004ല്‍ രാജ്യത്ത് കടലിനടിയിലുണ്ടായ അതിശക്ത ഭൂകമ്ബമാണ് വിവിധ രാജ്യങ്ങളിലായി 2.3 ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത സുനാമിക്ക് കാരണമായത്.

prp

Leave a Reply

*