കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പ് വേണമെങ്കില്‍ ‘യു’ മതി -ശശി തരൂര്‍; ‘എനിക്ക് ആരെയും ഭയമില്ല, എന്നെയും ആര്‍ക്കും ഭയമില്ല’

മലപ്പുറം: തന്റെ പാണക്കാട് യാത്രയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. മലബാറില്‍ വരുമ്ബോഴൊക്കെ പാണക്കാട് പോകാറുണ്ട്.

ഇതുവഴി വരുമ്ബോള്‍ ഇവിടെ കയറാതിരിക്കുന്നത് മര്യാദയല്ല. ഇത് അസാധാരണ സംഭവമല്ല. രണ്ട് യു.ഡി.എഫ് എം.പിമാര്‍ ഒരു യു.ഡി.എഫ് ഘടകകക്ഷി നേതാവിന്റെ വീട്ടില്‍ പോകുന്നു, അത്രമാത്രം -ശശി തരൂര്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ശശി തരൂരിന്റെ സന്ദര്‍ശനത്തെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് ‘എനിക്ക് ആരെയും ഭയമില്ല, എന്നെ ആര്‍ക്കും ഭയമില്ല, അതിന്റെ ആവശ്യമേയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാന്‍ താല്‍പര്യമില്ല. എയും ഐയും ഒക്കെ കൂടുതലാണ്. ഒയും ഇയും ഒന്നും വേണ്ട. അഥവാ ഇനി ഒരക്ഷരം വേണമെന്നുണ്ടെങ്കില്‍ യുനൈറ്റഡ് കോണ്‍ഗ്രസ് എന്നതിനെ പ്രതിനിധീകരിക്കുന്ന ‘യു’ ആണ് വേണ്ടത്’ -തരൂര്‍ പറഞ്ഞു.

ഞങ്ങള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഞങ്ങളുടെ സ്വന്തം വിശ്വാസത്തിനും വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യത്ത് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം നടക്കുന്ന കാലത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആണ് വേണ്ടത്. അതാണ് എന്റെ രാഷ്ട്രീയം. ഇന്‍ക്ലൂസീവ് ഇന്ത്യയാണ് എന്റെ ആഗ്രഹം. ചെന്നൈയിലും ബംഗളൂരുവിലും ലീഗ് സൗഹാര്‍ദസംഗമം നടത്തിയത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഡിസംബറില്‍ ഡല്‍ഹിയിലും സംഘടിപ്പിക്കുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അതൊക്കെ നല്ലതാണ്. വര്‍ഗീയതയുടെ പകരം എല്ലാവരെയും ഒരുമിപ്പിച്ച്‌ ഭാരതത്തിന്റെ ഭാവിക്ക് വേണ്ടി പ്രവൃത്തിക്കണം -അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ശശി തരൂര്‍ എം.പിയും എം.കെ രാഘവന്‍ എം.പിയും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ എത്തിയത്. സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ ഇരുവരെയും സ്വീകരിച്ചു.

തുടര്‍ന്ന് ഡി.സി.സി ഓഫിസില്‍ എത്തും. പെരിന്തല്‍മണ്ണയില്‍ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവില്‍ സര്‍വിസ് അക്കാദമിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാരെ സന്ദര്‍ശിക്കും.

ബുധനാഴ്ച കണ്ണൂരിലാണ് തരൂരിന്‍റെ പരിപാടികള്‍. എത്തുന്നിടത്തെല്ലാം വലിയ ജനപിന്തുണയാണ് തരൂരിന് ലഭിക്കുന്നത്. ജനകീയ അടിത്തറ ശക്തമാക്കും വിധമാണ് തരൂരിന്‍റെ നീക്കങ്ങള്‍. എല്ലാ മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളും സാംസ്കാരിക നേതാക്കളുടെ വസതികളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

prp

Leave a Reply

*