സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; വിശക്കുമ്പോള്‍ നല്‍കിയത് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും

ഓയൂര്‍: ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ചത് സ്ത്രീധനത്തിന്‍റെ പേരില്‍ പട്ടിണിക്കിട്ടതിനെത്തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍. മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27) ആണ് ഈ മാസം 21ന് അര്‍ധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. സംഭവത്തെ തുടര്‍ന്ന് പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെ പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തു..

തുഷാരയ്ക്ക് വിശക്കുമ്പോള്‍ പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയുമാണ് ചെയ്തിരുന്നതെന്ന് ഭര്‍ത്താവ്
ചന്തുലാല്‍ പോലീസിനോട് പറഞ്ഞു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. 21ന് രാത്രി 12 മണിയോടെ യുവതിയെ ഭര്‍ത്താവും വീട്ടുകാരും കൊല്ലം ജില്ലാ ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി ന്യൂമോണിയ ബാധിച്ചാണ് മരണമെന്നു കണ്ടെത്തി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്‍റെയും വിവാഹം നടന്നത്. വിവാഹസമയത്ത് 20 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കാമെന്ന് പറയുകയും 20 പവന്‍ നല്‍കുകയും ചെയ്തു.

മൂന്നു മാസം കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ചന്തുലാല്‍ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെയാണ് തുഷാരയുടെ കുടുംബം ബാക്കി രണ്ടു ലക്ഷം രൂപ നല്‍കാതിരുന്നത്. ഇതിനെതുടര്‍ന്നാണ് ചന്തുലാലും മാതാവും ചേര്‍ന്ന് തുഷാരയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. വീട്ടില്‍ പോകാനോ വീട്ടുകാരെ ഫോണില്‍ വിളിക്കാനോ തുഷാരയെ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ ആകെ മൂന്നു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്.

prp

Related posts

Leave a Reply

*