ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ: കുടുംബാംഗങ്ങള്‍ സ്റ്റൂളുകള്‍ കൊണ്ടു വരുന്ന ദൃശ്യങ്ങള്‍ പുറത്ത്​

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന്​ തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ആത്മഹത്യക്ക്​ ഒരുങ്ങുന്നതിനായി അര്‍ദ്ധരാത്രി കുടുംബാംഗങ്ങള്‍ സ്​റ്റൂളുകള്‍ കൊണ്ടു വരുന്നതി​​​ന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ്​ ലഭിച്ചത്​.

ഇവരുടെ​​ വീടിനു മുമ്പില്‍ സ്​ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്​. കൂടാതെ ആത്മഹത്യയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പും പത്ത്​ രൂപയുടെ 20 റൊട്ടികള്‍ വാങ്ങിയതിന്‍റെ തെളിവും പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്​. കൂട്ട മോക്ഷപ്രാപ്​തിക്കായി ആചാരത്തി​​ന്‍റെ ഭാഗമായാണ്​ ആത്മഹത്യ ചെയ്​തതെന്നാണ്​ പൊലീസ്​ മനസ്സിലാക്കുന്നത്​.

തൂങ്ങിമരിച്ച പത്ത് പേരും അഞ്ച് സ്റ്റൂളുകളാണ് ഉപയോഗിച്ചത്. തൂങ്ങി മരിക്കാന്‍ ഇവര്‍ പരസ്പരം സഹായിച്ചതായാണ് സംശയിക്കുന്നത്. വീട്ടിനകത്ത്​ കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. ചിലരുടെ കൈയും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. ഇതാണ് ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ടായതായി സംശയിക്കാന്‍ കാരണം. മരണത്തിന്‍റെ തലേദിവസം ഇവര്‍ 20 റൊട്ടി ഒാര്‍ഡര്‍ ചെയ്തിരുന്നു. ഇത് നാരായണിദേവിയാണ് എല്ലാവര്‍ക്കും പങ്കുവെച്ചതെന്നും കുറിപ്പുകളിലുണ്ട്.

കണ്ടെത്തിയ കുറിപ്പുകളില്‍ എല്ലാവരോടും കൈ കെട്ടി ക്രിയകള്‍ നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ ഇവര്‍ പരസ്പര സഹായത്താല്‍ കൈകള്‍ കെട്ടിയെന്നും കണക്കാക്കുന്നു. കൊല്ലപ്പെട്ട നാരായണ്‍ ദേവിയുടെ കൈയിലെ കെട്ട് നിലത്ത് വീണു കിടക്കുകയായിരുന്നു. മരണ ശേഷം ആരോ കെട്ട് നിലത്തിട്ടതായും സംശയിക്കുന്നുണ്ട്. നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ചുണ്ടാവയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് കരുതുന്നത്.

മരിക്കേണ്ട വിധത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. അധികം സംസാരിക്കാത്ത ലളിത് ഈയിടെയായി തന്‍റെ മരിച്ചു പോയ പിതാവ് ന്നോട് സംസാരിക്കാറുണ്ടന്ന രീതിയിലായിരുന്നു പെരുമാറിയിരുന്നത്​. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്. 10 വര്‍ഷം മുമ്പ്  മരിച്ചുപോയ പിതാവിന്‍റെ നിര്‍ദേശങ്ങളായിട്ടാണ് ലളിത് മരണത്തെ കണ്ടത്.

ആത്മഹത്യക്കു മുമ്പ്​ ഒരു കപ്പില്‍ വെള്ളം എടുത്തു വെക്കാനും അതി​​ന്‍റെ നിറം മാറുമ്പോള്‍ താന്‍ പ്രത്യക്ഷപ്പെട്ട്​ എല്ലാവരേയും രക്ഷപ്പെടുത്തുമെന്നും ആചാരത്തിനു ശേഷം എല്ലാവരും പരസ്​പരം കെട്ടുകള്‍ അഴിച്ചുകൊടുക്കണമെന്നുമായിരുന്നു ‘മരിച്ചുപോയ പിതാവിന്‍റെ’ നിര്‍ദ്ദേശമെന്ന്​ ഡയറിക്കുറിപ്പിലുണ്ട്​. തന്‍റെ പിതാവിന്‍റെ നിര്‍ദേശം പാലിക്കണമെന്ന് ലളിത്​ വീട്ടുകാരെ നിര്‍ബന്ധിക്കുകയായിരുന്നു. ആരും മരണപ്പെടില്ലെന്നും ആചാരത്തിനു ശേഷം അതിശക്തരായി തിരിച്ചു വരാന്‍ സാധിക്കുമെന്നായിരുന്നു ഇയാള്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചത്​.

 

 

Related posts

Leave a Reply

*