കോട്ടയം: ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആത്മഹത്യ കുറിപ്പില്‍ സിപിഐഎം നഗരസഭാംഗം സജികുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തങ്ങളുടെ മരണത്തിന് കാരണം സജികുമാര്‍ ആണെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ ആരെയും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ദമ്പതികളുടെ ആത്മഹത്യക്കുറിപ്പിലെ കാര്യങ്ങള്‍ അറിയില്ലെന്നും സജികുമാര്‍ പറഞ്ഞു.
സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭാംഗവും സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗവുമായ സജി കുമാറിന്‍റെ പരാതിയിലാണ് മോഷണക്കുറ്റത്തിന് ഇവരെ പൊലീസ് ചോദ്യംചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
സജി കുമാറിന്‍റെ വീട്ടില്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു സുനില്‍ കുമാര്‍. സജികുമാര്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഏല്‍പ്പിച്ച 600 ഗ്രാമോളം വരുന്ന 44 വളകള്‍ നഷ്ടമായെന്നായിരുന്നു പരാതി. ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ് ഐ പി എ ഷമീര്‍ ഖാന്‍ ചോദ്യം ചെയ്തു. സ്വര്‍ണം തിരിച്ച് കൊടുക്കാമെന്ന ഉറപ്പിലാണ് ഇരുവരേയും വിട്ടയച്ചതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും എസ് ഐ വിശദീകരിച്ചു. എന്നാല്‍ മര്‍ദ്ദനമേറ്റെന്നാണ് ബന്ധുക്കളുടെ പരാതി.
തങ്ങളുടെ മരണത്തിന് കാരണം സജികുമാറെന്നാണ് ഇവരുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. 600 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതി. ഇതില്‍ 100 ഗ്രാം എടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണം സജികുമാര്‍ വീടുപണിക്കായി വിറ്റതാണ്. മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ചു. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. എട്ട് ലക്ഷം നല്‍കണമെന്ന് എഴുതിവാങ്ങി. അത് നല്‍കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മരിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. സുനില്‍കുമാറിന്‍റെ ഭാര്യ രേഷ്മയുടേതാണ് ആത്മഹത്യാ കുറിപ്പ്

