‘ഇനി ഈ വഴി വന്നാല്‍ കോടതി കയറേണ്ടി വരും’; അനില്‍ അക്കരെയുമായുള്ള ചാറ്റ് പുറത്തുവിട്ട് ദീപാ നിശാന്ത്

തൃശൂര്‍: അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം മകളാണെന്ന് പറയരുതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നുവെന്ന വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്ത്.

ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു നാട്ടില്‍ എന്‍റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണെന്ന് ദീപാ നിശാന്ത് ചോദിക്കുന്നു. അനില്‍ അക്കരെയുടെ മെസഞ്ചര്‍ ചാറ്റ്  സന്ദേശം പുറത്തുവിട്ടാണ് ദീപാ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്

ഇയാളാണ് ഞങ്ങളുടെ എം എല്‍ എ എന്നു പറയാന്‍ സത്യത്തില്‍ ലജ്ജയുണ്ട്. അത്രത്തോളം തരം താണ ഒരു വിമര്‍ശനമാണ് ഇയാള്‍ എനിക്കെതിരെയിപ്പോള്‍ ഉയര്‍ത്തുന്നത്. ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു നാട്ടില്‍ എന്‍റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണ്?

ഞാനെഴുതിയിട്ടുള്ള അഞ്ച് പുസ്തകങ്ങളിലും എന്‍റെ അച്ഛനെക്കുറിച്ച്‌ അഭിമാനപൂര്‍വം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയില്‍ ഇന്നും പോലീസ് സമ്മേളനങ്ങളില്‍ പോയി സംസാരിക്കുന്ന, “എന്‍റച്ഛന്‍ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണല്‍” എന്ന് അഭിമാനിക്കുന്ന ഞാന്‍ ഇയാളോട് ഇത്തരത്തില്‍ പറഞ്ഞു എന്ന് ഒരുളുപ്പുമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളിച്ചു പറയുന്നത് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്ന് ഞാന്‍ കരുതുന്നു.

എന്‍റെ അച്ഛന്‍ ഒരു തരത്തിലും കോണ്‍ഗ്രസ്സിന്‍റെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടേയോ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടില്ല. നാട്ടിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന വിശേഷണമൊക്കെ ഒന്നന്വേഷിച്ചാല്‍ ബോധ്യപ്പെടുന്ന കാര്യമാണ്. എന്‍റെ അച്ഛന്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല. അത് ചോദിക്കേണ്ട ആവശ്യം എനിക്കില്ല. അത്രത്തോളം ജനാധിപത്യബോധം ഞങ്ങള്‍ക്കുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

നിങ്ങള്‍ ഒരിക്കല്‍ ഞാന്‍ കൊടുത്ത ഒരു പരാതിയുടെ കാര്യമന്വേഷിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പോലീസ് സമ്മേളനത്തില്‍ എന്‍റെ അച്ഛനെപ്പറ്റി പറയുകയായിരുന്നു. നിങ്ങള്‍ക്ക് ഞാനാ വേദിയിലിരുന്ന് ഒരു മെസേജയച്ചപ്പോള്‍ നിങ്ങളുടെ മറുപടി എന്തായിരുന്നു. ലജ്ജയുണ്ട്. എങ്കിലും ഇയാളെ തുറന്നുകാട്ടാന്‍ വേറെ വഴിയില്ലാത്തതു കൊണ്ട് ഞാനാ സംഭാഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ടിടുകയാണ്.

ഇങ്ങനെ പറയുന്ന നിങ്ങളാണോ പോലീസിനെപ്പറ്റി വികാരനിര്‍ഭരമായി ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ സംസാരിക്കുന്നത് ?എന്തൊരു ദുരന്തമാടോ മനുഷ്യാ താന്‍? ഇനി വ്യാജ ആരോപണങ്ങളുമായി ഈ വഴി വന്നാല്‍ എം എല്‍ എ കോടതി കയറേണ്ടി വരും എന്നോര്‍മ്മിപ്പിക്കുന്നു.

Image may contain: 4 people, people smiling


prp

Related posts

Leave a Reply

*