ഡെങ്കിപ്പനി ബാധിച്ച്‌ കുട്ടി മരിച്ചു; രണ്ടാഴ്ചത്തെ ആശുപത്രി ബില്‍ 18 ലക്ഷം!

ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാര്‍ക്കു ഭീമമായ തുകയുടെ ബില്‍ നല്‍കി ആശുപത്രി. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്നാണ് 18 ലക്ഷത്തിലേറെ രൂപയുടെ ബില്‍ ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ കുട്ടിയുടെ വീട്ടുകാര്‍ക്കു നല്‍കിയത്.

നവംബര്‍ 17ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ കൊള്ളയെക്കുറിച്ച്‌, മരിച്ച കുട്ടിയുടെ ഒരു ബന്ധു പോസ്റ്റിട്ടതോടെയാണ് ഇത് സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. ”ഫോര്‍ട്ടിസ് ആശുപത്രിയില്‍ 15 ദിവസം ഡെങ്കി ബാധിച്ച്‌ കിടന്ന എന്‍റെ സുഹൃത്തിന്‍റെ മകള്‍ കഴിഞ്ഞ ദിവസം മരിച്ചു. എന്നാല്‍ ഈ ദിവസങ്ങളില്‍ ആശുപത്രി 16 ലക്ഷം രൂപ ചികിത്സയിനത്തില്‍ ഈടാക്കി…”ഇങ്ങനെയായിരുന്നു പോസ്റ്റ്. ഇത് വൈറലായതോടെയാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി ഇടപെട്ടത്.

അതേസമയം, ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ച ആശുപത്രി അധികൃതര്‍ രംഗത്തെത്തി. എല്ലാ മെഡിക്കല്‍ പ്രൊട്ടോക്കോളുമനുസരിച്ചാണ് കുട്ടിയെ പരിശോധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഡെങ്കിപ്പനി ബാധിച്ച പെണ്‍കുട്ടിക്കു പിന്നീടു ഡെങ്കി ഷോക്ക് സിന്‍ഡ്രോമും ബാധിച്ചു. ഐവി ഫ്ലൂയിഡുകളും മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളും വഴിയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്ലേറ്റ്ലെറ്റ് കൗണ്ട് അകാരണമായി കുറഞ്ഞതാണു മരണകാരണമെന്നും ഇവര്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കണമെന്ന് കുട്ടിയുടെ പിതാവ് ജയന്ത് സിംഗ് പ്രതികരിച്ചു.

prp

Related posts

Leave a Reply

*