കണ്ണൂര്‍: ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുമ്ബോള്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തോട് മുഖം തിരിക്കുന്ന തദ്ദേശ സ്ഥാപന നിലപാട് പഠിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തരാമെന്നാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും പറയുന്നത്. നിന്നു തിരിയാന്‍ കഴിയാത്ത തിരക്കിനിടെ ഇപ്പോള്‍ അതുപോലുള്ള സര്‍ട്ടിഫിക്കറ്റുകളൊന്നും നല്കാന് കഴിയില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. മെഡിക്കല്‍ ഓഫീസര്‍മാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തിരക്കിലും ആയതോടെ സര്‍ട്ടിഫിക്കറ്റ് വിതരണം പലയിടത്തും അനിശ്ചിതത്വത്തിലാണ്.
സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യസമയത്ത് ഹാജരാക്കാന്‍ കഴിയാത്തതോടെ നിരവധി പേര്‍ക്ക് ടെസ്റ്റിന് ഹാജരാവാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ടെസ്റ്റിന് എത്തുന്നവര്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. രോഗം ബാധിച്ചിരുന്നയാളാണെങ്കില് രോഗം മാറിയെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാളാണെങ്കില് ഇതു സംബന്ധിച്ച വിവരങ്ങള്‍, ടെസ്റ്റ് നടത്തിയ ശേഷം റിസള്‍ട്ട് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെ മാത്രമേ ടെസ്റ്റിന് പരിഗണിക്കുകയുള്ളൂ. മെഡിക്കല്‍ ഓഫീസര്‍മാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, ബി.എല്‍.ഒമാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാം. കൂടുതല്‍ പേരും നേരത്തെ ജനപ്രതിനിധികളില്‍ നിന്നുമായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിരുന്നത്. എളുപ്പത്തില്‍ ലഭിക്കാവുന്നതിനാലാണ് ജനപ്രതിനിധികളെ കൂടുതല്‍ പേരും ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ മെഡിക്കല്‍ ഓഫീസമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ബി.എല്‍.ഒമാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് ചുമതല. സര്‍ട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
കടക്കണം ഓണ്‍ലൈന്‍ കടമ്ബയും
ലേണിംഗ് ടെസ്റ്റ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആക്കിയതിനെ തുടര്‍ന്ന് നിരവധി പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. സെര്‍വര്‍ തകരാര്‍ മൂലം ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.