ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്. സാനിയ പാകിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ എത്രയും പെട്ടെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സാനിയയെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു.
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന. പാക്കിസ്ഥാന് ക്രിക്കറ്റര്‍ ശുഹൈബ് മാലികി ഭാര്യയായ സാനിയയെ നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുള്ള പാക്കിസ്ഥാന് ശക്തമായ സന്ദേശം നല്കാന് സാധിക്കുമെന്ന് രാജാ സിങ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനെതിരെ നിരന്തരമായി കടുത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ത്യന്‍ പൗരന്മാരുടെ വികാരം മനസ്സിലാക്കികൊണ്ട് പ്രവര്‍ത്തിക്കണമെന്നും ബി.ജെ.പി എം.എല്‍.എ വ്യക്തമാക്കി.
