മൊഴികളിലെ വൈരുദ്ധ്യം; ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ശാസ്ത്രീയ വിശകലനം നടത്താനൊരുങ്ങുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണം സംഭവിച്ച അപകടത്തെകുറിച്ച് സാക്ഷിമൊഴികള്‍ പുന:പരിശോധിക്കാനും ശാസ്ത്രീയ വിശകലനം നടത്താനും ഒരുങ്ങി പൊലീസ്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും  മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് പൊലീസിന്‍റെ ഈ തീരുമാനം.

അപകടം നടന്ന് കഴിഞ്ഞ് അര്‍ജ്ജുന്‍ നല്‍കിയ മൊഴിയില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലക്ഷ്മി നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് പറയുകയുണ്ടായി. അതുകൊണ്ട് ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്ന സംശയം നിലനില്‍ക്കവെ അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു കണ്ടെത്തുന്നതിനായാണ് പൊലീസിന്‍റെ ഈ പുതിയ നീക്കം.

കാറോടിച്ചിരുന്നതാരെന്നു കണ്ടെത്താനായി ഫൊറന്‍സിക് വിദഗ്ദ്ധരുടെയും മോട്ടോര്‍വാഹന വകുപ്പിന്‍റെയും സഹായം തേടിയിട്ടുണ്ട്. ബാലഭാസ്‌കറിന്‍റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ഇതിലൂടെ അപകടസമയത്ത് ഓരോരുത്തരും കാറിനുള്ളില്‍ ഏത് സീറ്റിലായിരുന്നുവെന്നതു സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. സംഭവസമയത്ത് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ മൊഴികളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്ന് മറ്റൊരാളും മൊഴികൊടുത്തിട്ടുണ്ട്.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടസമയം ബാലഭാസ്‌കര്‍ കാറിന്‍റെ പിന്‍സീറ്റില്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പോലീസിനോടു പറഞ്ഞത്. അപകടം നടക്കുമ്പോള്‍ 80 കിലോമീറ്ററിനു മുകളില്‍ വേഗം കാറിനുണ്ടായിരുന്നുവെന്നാണ് നിഗമനം. ശാസ്ത്രീയതെളിവുകളുടെ വിശകലന റിപ്പോര്‍ട്ടുകൂടി വന്ന ശേഷമേ തുടര്‍നടപടികളിലേക്കു കടക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു

prp

Related posts

Leave a Reply

*