അദാനിയെ വിടാതെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; ഓഹരികളില്‍ ഇന്നും കനത്ത ഇടിവ്

മുംബൈ: യു.എസിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉലഞ്ഞ് അദാനി ഗ്രൂപ്പ്.

ഇന്നും അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത ഇടിവ്. ഓഹരി വിപണി വ്യാപാരം ആരംഭിച്ചപ്പോള്‍ 17 ശതമാനം വരെയായിരുന്നു അദാനി ഓഹരികളിലെ ഇടിവ്.

അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിവില 595 രൂപയും (15 ശതമാനം) അദാനി ഗ്രാന്‍സ്മിഷന്‍ വില 350 രൂപയും (13.74 ശതമാനം) ആണ് ഇന്ന് ഇടിഞ്ഞത്. അദാനി ഗ്രീന്‍ എനര്‍ജി 9.78 ശതമാനവും അദാനി ഏറ്റെടുത്ത എ.സി.സി അംബൂജ സിമന്‍റ് 4 ശതമാനവും അംബൂജ സിമന്‍റിന് 4.91 ശതമാനവും അദാനി പവറിന്‍റെ ഓഹരിയിലും ഇടിവ് രേഖപ്പെടുത്തി. ആദ്യത്തെ ഇടിവ് ശേഷം അദാനി ഓഹരികളില്‍ നേരിയ നേട്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ ഏകദേശം 46,000 കോടി രൂപയുടെ ഇടിവാണ് അദാനി കമ്ബനികളുടെ ഓഹരികള്‍ക്ക് സംഭവിച്ചത്.

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ടിലുള്ളത്. ദശാബ്ദങ്ങളായി കമ്ബനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഉയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ടിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ട് വസ്തുത വിരുദ്ധമാണെന്നും ആരോപണങ്ങളെല്ലാം നുണയാണെന്നുമാണ് പ്രതികരണം.

prp

Leave a Reply

*