കാലാവസ്ഥ മുന്നറിയിപ്പ് മൂലം തൊഴില്‍ നഷ്ടം: 50.027 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര ന്യൂനമര്‍ദ-ചുഴലിക്കാറ്റ് മുന്നറിയിപ്പ് മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യമേഖലയിലെ കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 50.027 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

2022 ഏപ്രില്‍, േമയ്, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് കാരണം നഷ്ടപ്പെട്ടത്. ഒരു തൊഴില്‍ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് നല്‍കുക. ഇത് 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കും. മുമ്ബ് ടൗട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം നല്‍കിയിരുന്നതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

2022ലെ കാലവര്‍ഷക്കെടുതിയില്‍ ആലപ്പുഴ ചമ്ബക്കുളം വില്ലേജില്‍ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും നഷ്ടപ്പെട്ട ഓമനക്കുട്ടന്‍, ജയകുമാര്‍ എന്നിവരെ പുനരധിവസിപ്പിക്കാന്‍ ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 18,09,800 രൂപ അനുവദിക്കും.

കോഴിക്കോട് കരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂര്‍ വില്ലേജിലെ ബിജുവിന്‍റെ വീട്ടില്‍ അസാധാരണ ശബ്ദം കേള്‍ക്കുകയും ചുവരുകള്‍ വിണ്ടുകീറുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണാന്‍ ദുരന്തനിവാരണ അതോറിറ്റി ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിക്കും. നാല് ലക്ഷം രൂപയോ യഥാര്‍ഥത്തില്‍ ചെലവാകുന്ന തുകയോ ഏതാണ് കുറവ് അതാവും നല്‍കുക.

prp

Leave a Reply

*