പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മോഷണം പോയത് അമ്പതോളം മൊബൈല്‍ ഫോണുകള്‍

ലക്‌നൗ: പ്രിയങ്ക ഗാന്ധി വാദ്രയുടെ സജീവ രാഷ്ടീയ പ്രവേശനത്തിന് നൃത്തം വെച്ചും ജയ് വിളിച്ചും ലക്ഷക്കണക്കിന് പേരാണ് വരവേല്‍ക്കാന്‍ എത്തിയത്.

രാഷ്ടീയ പ്രവേശനത്തിനത്തിന് ശേഷം ആദ്യമായി ലക്‌നൗവില്‍ നടത്തിയ റോഡ് ഷോയ്ക്ക് വന്‍ ജന പങ്കാളിത്തമായിരുന്നു ലഭിച്ചത്. എന്നാല്‍ മോഷ്ടാക്കള്‍ക്ക് ചാകരയായിരുന്നു ഈ മെഗാറാലി. റാലിക്കിടയില്‍ ഏകദേശം അമ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി ലക്‌നൗ പൊലീസ് പറഞ്ഞു.

ഒരു മോഷ്ടാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു ഫോണ്‍ മാത്രമാണ് പൊലീസിന് കണ്ടെത്താന്‍ സാധിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സിറ്റി മജിസ്ര്‌ടേറ്റുമായ ജീഷന്‍ ഹൈദറിന്‍റെ ഫോണും മോഷണം പോയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

42 ലോക്‌സഭാ സീറ്റുള്ള കിഴക്കന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. പ്രിയങ്ക പ്രഭാവത്തില്‍ കുറഞ്ഞത് 35 സീറ്റെങ്കിലും കോണ്‍ഗ്രസിന് കിട്ടുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഇപ്പോള്‍ രണ്ടു സീറ്റ് മാത്രമാണ് ഇവിടെനിന്ന് കോണ്‍ഗ്രസിനുള്ളത്.

ലക്‌നൗ നഗരം മുഴുവന്‍ പടുകൂറ്റന്‍ ഹോഡിംഗുകള്‍ ഉയര്‍ത്തിയും അലങ്കാരങ്ങള്‍ ചാര്‍ത്തിയുമാണ് പ്രവര്‍ത്തകര്‍ പ്രിയങ്കക്ക് കഴിഞ്ഞ ദിവസം വരവേല്‍പ്പൊരുക്കിയത്. ഇന്ദിരയുടെ വരവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയെ വിശേഷിപ്പിച്ചത്. വിമാനത്താവളം മുതല്‍ ഐസിസി ആസ്ഥാനമായ നെഹ്‌റു ഭവന്‍ വരെ വഴിയിലുടനീളം പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ കാത്തുനിന്നു.

നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോയ്ക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. സംഘടനാപരമായി കോണ്‍ഗ്രസ് ഏറെ ദുര്‍ബലമായ ഉത്തര്‍പ്രദേശില്‍ റാലിക്കായി വന്നെത്തിയ ജനക്കൂട്ടം പ്രിയങ്കയുടെ ജനപ്രിയതയ്ക്ക് തെളിവായി മാറുകയാണ്.

prp

Related posts

Leave a Reply

*