പൗരത്വ ഭേദഗതി നിയമം: യൂറോപ്യന്‍ യൂണിയനിലെ പ്രമേയങ്ങളില്‍ ചര്‍ച്ച ഇന്ന്; നാളെ വോട്ടെടുപ്പ്
ലണ്ടന്‍: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞയാഴ്ച അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
ഇടതുപക്ഷം മുതല്‍ മധ്യ-വലതുപക്ഷ പാര്‍ട്ടികളില്‍ വരെയുള്ള എം.പിമാരുടെ അഞ്ച് കൂട്ടായ്മകളാണ് സി.എ.എയെയും എന്‍.ആര്.സിയെയും അതി രൂക്ഷമായി വിമര്‍ശിച്ച് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. എന്‍.ആര്.സി പോലുള്ള നടപടികള്‍ ‘പരദേശീസ്പര്ധയുടെ അന്തരീക്ഷം’ വഷളാക്കുമെന്നും സാമുദായിക അസഹിഷ്ണുതയും വിവേചനവും വര്‍ധിപ്പിക്കുമെന്നും വിമര്‍ശിക്കുന്ന പ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. അതിനിടെ, സി.എ.എ നടപ്പാക്കുന്നതില്‍ ഇന്ത്യയെ പിന്തുണക്കുന്നതും അതിരുകടന്ന കലാപങ്ങളെ എതിര്‍ക്കുന്നതുമായ ആറാമതൊരു പ്രമേയവും യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ഉടമ്ബടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തില്‍ നിന്ന് പിന്തിരിയണമെന്നും അവ റദ്ദാക്കണമെന്നുമാണ് പ്രമേയങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ദേശഭക്തി വികാരം സാമുദായിക അസഹിഷ്ണുതയും മുസ്ലിമുകള്ക്കെതിരായ വിവേചനവും വര്‍ധിപ്പിക്കുന്നുണ്ടെന്നും പ്രമേയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സി.എ.എ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച കേരളത്തെ കുറിച്ചും പ്രമേയങ്ങളില്‍ പരാമര്‍ശമുണ്ട്.
സര്‍വകലാശാലകളില്‍ നിയമങ്ങള്‍ക്കെതിരായി സമരത്തിനിറങ്ങിയ വിദ്യാര്‍ഥികളെ പൊലീസ് അതിക്രൂരമായി നേരിട്ടതിനെ പ്രമേയങ്ങള്‍ വിമര്‍ശിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനായുള്ള എന്‍.ആര്.സി ലക്ഷക്കണക്കിനാളുകളുടെ പൗരത്വം നഷ്ടപ്പെടുത്താനിടയാക്കുമെന്ന് പ്രമേയങ്ങള്‍ പറയുന്നു. ഇന്റര്‍നെറ്റ് സര്‍വിസുകളടക്കം നിര്‍ത്തി വെച്ചത് ജനങ്ങളുടെ മൗലികാവകാശത്തിന് മേലെയുള്ള കടന്നുകയറ്റമാണെന്നും പ്രമേയങ്ങള്‍ വിമര്‍ശിക്കുന്നു.
751 അംഗ പാര്‍ലമെന്റിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങള്‍ അവതരിപ്പിച്ചവര്ക്കുണ്ട്. ആറാമത്തെ പ്രമേയത്തെ അംഗീകരിക്കുന്നത് 66 അംഗങ്ങളാണ്. വ്യാഴാഴ്ച യൂറോപ്യന്‍ സമയം 11.30നാണ് (ഇന്ത്യന്‍ സമയം വൈകീട്ട് നാല്) വോട്ടെടുപ്പ്. ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ചില്‍ ബ്രസല്‍സ് സന്ദര്‍ശിക്കാനിരിക്കെയാണ് പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പുമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, സി.എ.എയും എന്‍.ആര്.സിയുമെല്ലാം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിെന്റ പ്രതികരണം.