ആറാം സീസണില്‍ വീണ് കേരള ബ്ലാസ്റ്റേഴ്സ്, പ്രതീക്ഷ അവശേഷിക്കുന്ന നാല് മത്സരങ്ങളില്‍

കൊച്ചി : വസൂ… ദേ തോറ്റ് തുന്നം പാടി വിന്നിരിക്കുന്നു നിന്റെ മോാാന്‍…. !! യോദ്ധാ സിനിമയിലെ ഈ ഡയലോഗും കഥാ സന്ദര്‍ഭവും ഏതാണ്ട് വീണ്ടും ഒത്ത് വന്നിരിക്കുകയാണ്. തോറ്റ് തുന്നം പാടി വരുന്ന ആധുനിക അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ മറ്റാരുമല്ല, കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ! കലിപ്പടക്കാനും കപ്പെടുക്കാനും ഇറങ്ങിയ മഞ്ഞപ്പടകള്‍ ആറാം സീസണില്‍ അടിയേറ്റ് വീണ് കിടപ്പാണ്. ഇനി നാല് മത്സരമുണ്ട്, എതിര്‍ വലയില്‍ ഗോളടിച്ച്‌ നിറച്ചാലും എഴുന്നേറ്റ് നില്‍ക്കാനുള്ള ഇന്ധനം പോലുമാകില്ലത്.

പുലിയാണ് . .. കടലാസ് പുലി !
ഗോളടി വീരന്‍ സാക്ഷാല്‍ ഓഗ്ബച്ചെ,മെസി ബോളി, മുസ്തഫ നിംഗ്… പട്ടിക നീളുമ്ബോള്‍ കളത്തില്‍ ഇവരെ വെല്ലാന്‍ ആരുണ്ടെന്ന് ചോദിച്ച്‌ പോകും. എന്നാല്‍, പൊളിഞ്ഞ് പഞ്ചറായ അവസ്ഥയിലാണ് ടീം. പ്രധാന വില്ലന്‍ താരങ്ങളുടെ പരിക്കാണ്. സന്ദേശ് ജിംഖാന്‍ അടക്കം സൂപ്പര്‍ താരങ്ങള്‍ക്ക് പലര്‍ക്കും പന്ത് തട്ടാന്‍ പോലും ആയിട്ടില്ല. കളത്തില്‍ ഇറങ്ങി തിളങ്ങി പിന്നീട് പരിക്ക് പിടികൂടിയ കെ.പി രാഹുല്‍, ഓഗ്ബച്ചെ, മെസി തുടങ്ങിയവരും ഇടയ്ക്ക് ബഞ്ചിലിരിക്കേണ്ടി വന്നു. ഇതെല്ലാം ടീമിന്റെ പ്രകടനത്തെ ബാധിച്ചു. 14 മത്സരം പൂര്‍ത്തിയാക്കിയ മഞ്ഞപ്പടകള്‍ക്ക് മൂന്ന് കളികളില്‍ മാത്രമേ ജയിക്കാനായുള്ളൂ. ആറ് കളിയില്‍ എതിരാളികളെ പിടിച്ചു കെട്ടി. താരങ്ങള്‍ പരിക്കിന്റെ പിടിയിലായിട്ടും സമനില പിടിക്കാന്‍ സാധിച്ചത് ടീമിന്റെ കരുത്താണെന്നാണ് ഹെഡ്‌കോച്ച്‌ ഷട്ടോറിയുടെ അഭിപ്രായം. പുതുവ‌ര്‍ഷ പിറവിക്ക് ശേഷം മിന്നും ഫോമിലേക്ക് ടീം എത്തിയെങ്കിലും വിജയം തുടരനായില്ല.

തിളങ്ങിയ ബ്ലാസ്റ്റേഴ്‌സ്
2014, 2016 .. ഈ വര്‍ഷങ്ങളിലെ ബ്ലാസ്റ്റേഴാണ് ശരിക്കും ബ്ലാസ്റ്റ് ! രണ്ട് സീസണുകളില്‍, ടീം ഫൈനലില്‍ വരെ പന്തു തട്ടി. നിര്‍ഭാഗ്യം കൊണ്ട് തോറ്റ് പോയതാണ് ബ്ലാസ്‌റ്റേഴ്‌സ്. തോല്‍പ്പിച്ചത് കൊല്‍ക്കത്തയും. ഈ പക തീര്‍ക്കും വിധമുള്ള കുതിപ്പോടെയായിരുന്നു ആറാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് വരവ് അറിയിച്ചത്. സ്വന്തം തട്ടകത്തില്‍ ഒറ്റ ഗോളിന്റെ കരുത്തില്‍ വിജയക്കൊടി പാറിച്ചു. എന്നാല്‍, പിന്നീട് അങ്ങോട്ട് ബ്ലാസ്‌റ്റേഴ്‌സ് നിറം മങ്ങുന്ന കാഴ്ചയാണ് കണ്ടത്.

പതിനെട്ടടവും പയറ്രിയവര്‍.

ഡേവിഡ് ജെയിംസ്
മഞ്ഞപ്പടയുടെ ആദ്യത്തെ അമരക്കാരന്‍. 2014ല്‍ ടീമിനൊപ്പം ചേര്‍ന്ന മുന്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വി താരം കൂടിയായിരുന്നു. മാനേജര്‍ കുപ്പായത്തില്‍ ജെയിംസ് മികവ് കാട്ടി. ടീമിനെ ഫൈനലില്‍ വരെ എത്തിച്ചു. കിരീടപ്പോരില്‍ എ.ടി.എയോട് തോറ്റ് മടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലേക്ക് അഞ്ചാം സീസണിന്റെ അവസാന നാളുകളിലായിരുന്നു വന്നത്. എന്നാല്‍, തിളങ്ങാനായില്ല.

പീറ്റര്‍ ടെയ്‌ലര്‍
ജെയിംസിന് പിന്‍ഗാമിയായി എത്തി. ബ്ലാസ്റ്റേഴ്‌സിനെ കിരീടം ചൂടിക്കാന്‍ കരുക്കള്‍ നീക്കിയെങ്കിലും പീറ്റര്‍ ടെയ്‌ലറിന് കണക്കുകള്‍ പിഴച്ചു. തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയതോടെ സ്ഥാനം രാജിവച്ചു. പീറ്റര്‍ ടെയ്‌ലറിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചായ ട്രെവര്‍ മോര്‍ഗനായിരുന്നു പിന്നീട് ടീമിന്റെ ചുക്കാന്‍ പിടിക്കാനുള്ള ദൗത്യം തേടിയെത്തിയത്.

സ്റ്റീവ് കോപ്പല്‍
ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം കോപ്പലാശാന്‍. തകര്‍ന്ന് പോയ ടീമിനെ ഫൈനലില്‍ എത്തിച്ച മുന്‍ ക്രിസ്റ്റല്‍ പാലസ് മാനേജര്‍ ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് പ്രിയങ്കരനാണ്. ഫൈനലിലെ തോല്‍വിക്ക് പിന്നാലെ സ്റ്റീവ് കോപ്പലും ബ്ലാസ്റ്റേഴ്‌സ് വിട്ടു.

റെനി മ്യുളന്‍സ്റ്റീന്‍
കോപ്പലാശാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കൂടാരത്തില്‍ എത്തിയ ഹെഡ്‌കോച്ച്‌. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സഹ പരിശീലകന്‍. പക്ഷേ, കൊച്ചിയില്‍ നിലയുറപ്പിക്കാനായില്ല. സീസണില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടി കൂടിയാണ് റെനിയുടെ പിന്മാറ്റം

എല്‍ക്കോ ഷാട്ടോറി
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നും ഈ സീസണിലാണ് ഷാട്ടോറി മഞ്ഞപ്പടയ്‌ക്കൊപ്പം ചേര്‍ന്നത്. കിരീടം ഉയര്‍ത്തുകയായിരുന്നു ഷാട്ടോറിയുടെ ലക്ഷ്യം. പക്ഷേ,താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതോടെ ഷാട്ടോറിയുടെ തന്ത്രങ്ങളെല്ലാം പാളി. എന്നാല്‍, കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഫോര്‍മേഷനടക്കം പൊളിച്ചെഴുതിയാണ് ഷാട്ടോറി ടീമിനെ കളത്തില്‍ ഇറക്കിയത്.

ഇനിയുള്ള എതിരാളികള്‍

ചെന്നൈയിന്‍ എഫ്.സി
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ബംഗളൂരു എഫ്.സി
ഒഡീഷ എഫ്.സി

prp

Leave a Reply

*