ഗോസിപ്പുകളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന ജോഡികളായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്നതും കെട്ടിപിടിച്ചുള്ള ഫോട്ടോകളും നിരവധി പുറത്തുവിട്ടിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞില്ലെങ്കിലും ഉറപ്പിക്കുന്ന തരത്തില്‍ ഇരുവരും പരസ്പരം പുകഴ്ത്തുകയും സ്നേഹിക്കുകയും ചെയ്യുന്ന രീതിയില്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ ഇത്തവണ സംവിധായകന് വിഘ്നേഷ് ശിവന് വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വിഘ്നേഷിന് നായന്താരയെക്കുറിച്ച് വാ തോരാതെ പറയാനുമുണ്ട്. താന്‍ ജീവിതത്തില്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നയന്‍താരയെന്ന് വിഘ്നേഷ് പറയുന്നു. നാനും റൗഡി താന്‍ എന്ന സിനിമയിലാണ് നയന്‍താരയും വിഘ്നേഷ് ശിവനും ആദ്യമായി ഒരുമിച്ച് ജോലിചെയ്യുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.
പിന്നീട് വിഘ്നേഷുമായി നയന്‍താര പ്രണയത്തിലാവുകയും ചെയ്തു. ജീവിതത്തില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നയന്താരയോടാണെന്ന് പറയുകയാണ് വിഘ്നേഷ്. ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു ഞാന്‍ നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്.
അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്കാന് എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, ‘നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്ക്കാന് പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്തേ പറ്റൂ.’ അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും.
നയന്‍താര എന്താണെന്ന് അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. വീട്ടില്‍ മറ്റൊരു നയന്‍താരയാണ്. അച്ഛന്, അമ്മ, സഹോദരന് അവരൊക്കെയാണ് അവരുടെ ലോകം. അടുത്താല്‍ മനസ്സിലാകും, ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. നയന്‍താരയുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്ല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ ബഹുമാനം കൂടിയിട്ടേയുള്ളൂവെന്നും വിഘ്നേഷ് പറയുന്നു.
നയന്‍താരയുമായുള്ള വിവാഹം എന്നാണെന്നുള്ള ചോദ്യത്തിന് വിഘ്നേഷ് ശിവന് പറയുന്നതിങ്ങനെ.. എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ഒരിക്കല്‍ നടക്കും. എല്ലാവരെയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കുമെന്നും വിഘ്നേഷ് പറഞ്ഞു.