ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

മുംബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബോളിവുഡ് നടി മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. പൂനെ നിയോജകമണ്ഡലത്തില്‍ ഇവരെ സ്ഥാനാര്‍ത്ഥി ആയി നിര്‍ത്താന്‍ ബി.ജെ.പിയില്‍ ശ്രമമുണ്ട്. ഇതിന് സൂചനയെന്നോണം ഇക്കഴിഞ്ഞ ജൂണ്‍ മാസം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നടിയുമായി അവരുടെ മുംബൈയിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം മാധുരി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയിലുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റം ഒന്നും ഉണ്ടായില്ലെങ്കില്‍ മാധുരി തന്നെയാകും പൂനെയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്നാണ് ഈ നേതാവിന്‍റെ പക്ഷം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കോണ്‍ഗ്രസിന്‍റെ പൂനെയിലെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തിരുന്നു.

അന്‍പത്തിയൊന്നുകാരിയായ മാധുരി ദീക്ഷിത് ബോളിവുഡിലെ നിത്യഹരിത നായികമാരില്‍ ഒരാളാണ്. ദേവദാസ്, ദില്‍ തോ പാഗല്‍ ഹേ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായികാ വേഷത്തിലൂടെ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി.

പുതുമുഖങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുന്നത് മോദി ഗുജറാത്തില്‍ പരിക്ഷിച്ച് വിജയിച്ച തന്ത്രമാണ് എന്നാണ് ബി.ജെ.പിക്കുള്ളിലെ മുതിര്‍ന്ന വക്താക്കള്‍ വിലയിരുത്തുന്നത്. പുതുമുഖങ്ങളെ മത്സരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വിമര്‍ശിക്കാനാകില്ല എന്നതാണ് പാര്‍ട്ടി തന്ത്രം. പണ്ട് ഈ തന്ത്രം ഉപയോഗിച്ച് ഗുജറാത്തില്‍ എതിരാളികളെ ഞെട്ടിച്ച ചരിത്രവും മോദിക്കുണ്ട്.

prp

Related posts

Leave a Reply

*