യാത്രക്കാരെ വലച്ച്‌ രണ്ടാംദിനവും സ്വകാര്യ ബസ് പണിമുടക്ക്

കൂത്തുപറമ്ബ്: കണ്ണൂര്‍-ഇരിട്ടി, തലശ്ശേരി-ഇരിട്ടി റൂട്ടുകളില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ യാത്രാദുരിതം.

കൂത്തുപറമ്ബ് എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബുധനാഴ്ച ഉച്ചയോടെ പണിമുടക്ക് പിന്‍വലിച്ചു. ചൊവ്വാഴ്ച രാവിലെ മുതലാണ് തലശ്ശേരി-ഇരിട്ടി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാത്രി സ്വകാര്യ ബസ് കണ്ടക്ടറെ കൂത്തുപറമ്ബ് ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ചൊവ്വാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച്‌ കൂത്തുപറമ്ബ് പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇരിട്ടി-കണ്ണൂര്‍, കൂത്തുപറമ്ബ്-നിടുംപൊയില്‍, കൂത്തുപറമ്ബ്-പാനൂര്‍ റൂട്ടുകളിലും ജീവനക്കാര്‍ ബസ് സര്‍വിസ് നിര്‍ത്തിവെച്ചു. ഇതിനിടയില്‍ കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴു വിദ്യാര്‍ഥികളുടെ പേരില്‍ കൂത്തുപറമ്ബ് പൊലീസ് കേസെടുത്തു. സമരം കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചയോടെ കൂത്തുപറമ്ബ് എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്കു വിളിച്ചത്. ബസ് ജീവനക്കാരെ ആക്രമിച്ചവര്‍ക്കെതിരെയും വിദ്യാര്‍ഥിയുടെ പരാതിയിലും ശക്തമായ വകുപ്പുകള്‍ ചുമത്തുമെന്ന ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

ട്രേഡ് യൂനിയന്‍ ഭാരവാഹികളും വിദ്യാര്‍ഥി സംഘടന ഭാരവാഹികളും തൊഴിലാളികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രശ്നത്തിന് പരിഹാരമായതിനെ തുടര്‍ന്ന് ഉച്ചയോടെ സര്‍വിസുകള്‍ പുനരാരംഭിച്ചു. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് യൂനിയന്‍ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി വി.വി. പുരുഷോത്തമന്‍, സെക്രട്ടറി എന്‍. മോഹനന്‍, ട്രഷറര്‍ പി. ചന്ദ്രന്‍, ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധികളായ ഒ. പ്രദീപന്‍, കെ. പ്രേമാനന്ദന്‍, പി. മുകുന്ദന്‍, കെ. ഗംഗാധരന്‍, അര്‍ഷിത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന ബസ് സമരം ജനങ്ങളെ ദുരിതത്തിലാഴ്ത്തി.

കെ.എസ്.ആര്‍.ടി.സി ഓടിയെങ്കിലും പര്യാപ്തമായിരുന്നില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ഇരിട്ടി, തലശ്ശേരി, കൂത്തുപറമ്ബ്, കണ്ണൂര്‍ ബസ് സ്റ്റാന്‍ഡുകളിലെത്തിയവര്‍ വലഞ്ഞു.

‘മിന്നല്‍പണിമുടക്ക് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം’

കണ്ണൂര്‍: തലശ്ശേരി-ഇരിട്ടി, കണ്ണൂര്‍-ഇരിട്ടി റൂട്ടുകളില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും മിന്നല്‍ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബസുകാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്നതും അമിത വേഗതയില്‍ മത്സരയോട്ടം നടത്തുന്നതുമെല്ലാം നിത്യകാഴ്ചയാണ്.

വിദ്യാര്‍ഥികളും യാത്രക്കാരാണെന്ന പരിഗണനയോടെ ബസ് ജീവനക്കാര്‍ പെരുമാറണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

prp

Leave a Reply

*