പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനം: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് സിന്‍ഹ പറഞ്ഞു.

നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാകും. നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നും രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും ഇന്ത്യന്‍ രൂപ വരാനുണ്ട്. അവയുടെ കൂടി കണക്ക് പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര പരാജയമായിരുന്നെന്ന് കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം കൊണ്ടാണ് നികുതിദായകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ അവകാശവാദം തെറ്റാണ്. ഓരോ വര്‍ഷവും നികുതിദായകരുടെ എണ്ണം കൂടാറുണ്ട്. ഇത് നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രതിഭാസമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് നിരോധിച്ച് മോദി നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ച ഒരു ലക്ഷ്യവും സാധിച്ചില്ലെന്ന് മാത്രമല്ല, നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നല്‍കിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സാദ്ധ്യതകള്‍ ഇപ്പോഴേ സംസാരിക്കുന്നതില്‍ കാര്യമില്ല. എന്നാല്‍ ബിജെപിക്കെതിരായ പ്രചാരണത്തില്‍ മുന്‍പന്തിയില്‍ തന്നെ താന്‍ ഉണ്ടാകുമെന്നും സിന്‍ഹ പറഞ്ഞു.

prp

Related posts

Leave a Reply

*