പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു

തൃശൂര്‍: പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോട തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിസായിരുന്നു അഷിത.

ചെറുകഥാകൃത്തും, കവയത്രിയും, വിവര്‍ത്തകയുമായിരുന്നു അഷിത. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5നായിരുന്നു ജനനം. ദില്ലിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

ജീവിതത്തിന്‍റെ നേര്‍ചിത്രം വരച്ചുകാട്ടുന്നവയായിരുന്നു അഷിതയുടെ രചനകള്‍. കഥ, കവിത, നോവ്‌ലെറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നി വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. മറ്റ് ഭാഷയില്‍ നിന്നുള്ള പ്രശസ്തമായ രചനകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരില്‍ മുന്‍ നിരയിലായിരുന്നു അഷിത.

അപൂര്‍ണവിരാമങ്ങള്‍, മഴ മേഘങ്ങള്‍, വിസമയചിഹ്നങ്ങള്‍, അഷിതയുടെ കഥകള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവെച്ച നുണകള്‍, മീര പാടുന്നു തുടങ്ങിയവയാണ് അഷിതയുടെ പ്രധാനകൃതികള്‍. 2015ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*