ആപ്പ് വഴിയുള്ള മദ്യവില്‍പ്പന പാളി: ബെവ്ക്യൂആപ്പ് ഉപേക്ഷിച്ചേക്കും; മദ്യശാലകളില്‍ കൗണ്ടറുകള്‍ തുറക്കാന്‍ നീക്കം; അടിയന്തരയോഗം വിളിച്ച്‌ എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനത്തിനിടെ ബെവ്കോ ആപ്പിലൂടെയുള്ള മദ്യ വില്‍പ്പന വഴി സാമ്ബത്തിക നേട്ടം കൊയ്യാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. ബെവ്ക്യൂ ആപ്പിലെ ഒടിപി (വണ്‍ ടൈം പാസ്വേഡ്) ലഭിക്കാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം മദ്യവില്‍പ്പന താറുമാറായി. ഇതോടെ അപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ആപ്പ് ഉപേക്ഷിച്ച്‌ കൗണ്ടറുകള്‍ വഴി മദ്യം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്നു രണ്ടിന് എക്‌സൈസ് മന്ത്രി അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് അദേഹം അറിയിച്ചിട്ടുണ്ട്. സംവിധാനങ്ങള്‍ പാളിയതോടെ ബില്‍ നല്‍കി മദ്യ വില്‍പ്പന ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇന്നലെ മാത്രം 2.25 ലക്ഷം പേരാണ് മദ്യം വാങ്ങിയത്. വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂ നിശ്ചലമായതോടെ മദ്യം വാങ്ങാന്‍ ജനം മദ്യശാലകളിലേക്ക് ഒഴുകി.

മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് ശരിയാക്കുമെന്ന് അറിയിച്ചെങ്കിലും രാത്രി വൈകിയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജീസിന് സാധിച്ചില്ല. ഇതോടെ ബുക്ക് ചെയ്തവരും അല്ലാത്തവരും ബിവറേജസിനു മുന്നില്‍ തടിച്ചുകൂടി. സാമൂഹിക അകലം എന്നത് താറുമാറായി. പല ഘട്ടങ്ങളിലും പോലീസെത്തി നിയന്ത്രിച്ചെങ്കിലും വീണ്ടും നിയന്ത്രണങ്ങള്‍ പാളി.

ലക്ഷക്കണക്കിന് പേര്‍ ആപ്പിന്റെ സേവനം ഉപയോഗിക്കുമെന്ന് അറിയാമായിരുന്നിട്ടും ഇതിന് വേണ്ട മുന്‍കരുതലെടുക്കാന്‍ കമ്ബനിക്കായില്ല. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒടിപി ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. നിലവില്‍ ഒടിപി ലഭ്യമാക്കുന്നതിന് കമ്ബനിക്ക് ഒരു സേവനദാതാവ് മാത്രമാണുള്ളത്. അതിനാല്‍, തിരക്ക് ഉള്‍ക്കൊള്ളാന്‍ ആപ്പിനായില്ല. കഴിഞ്ഞ ദിവസം രാത്രി എസ്‌എംഎസ് വഴിയുള്ള ബുക്കിങ്ങില്‍ 140 പേരാണ് ഒരേ സമയം കയറിയത്. ഉള്‍ക്കൊള്ളാവുന്നതിലും കൂടിയതോടെ രാത്രി തന്നെ ആപ്പ് ക്രാഷായി.

കൂടുതല്‍ ഒടിപി സേവനദാതാക്കളെ കൊണ്ടുവന്ന് പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഫെയര്‍കോഡ് അറിയിച്ചു. ഇന്നുള്ള ബുക്കിങ് രാത്രിയോടെ ആരംഭിക്കാനാകുമെന്ന് കമ്ബനി വ്യക്തമാക്കിയെങ്കിലും അതും ഉണ്ടായില്ല. മദ്യവില്‍പ്പനശാലകള്‍ക്ക് നല്‍കിയ ആപ്പും പ്രവര്‍ത്തനസജ്ജമായില്ല. ഇതോടെ ബാറുകള്‍ക്ക് ചാകരയായി.

ക്യൂആര്‍ കോഡ് സ്‌കാനിങ് നടക്കാത്തതിനാല്‍ ടോക്കണ്‍ നമ്ബര്‍ രേഖപ്പെടുത്തിയും ബില്ലുകള്‍ നല്‍കിയുമാണ് മദ്യം വിറ്റത്. വെര്‍ച്വല്‍ ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആര്‍ കോഡ് ഔട്ട്ലറ്റിലെ രജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച്‌ പരിശോധിക്കണമെന്നായിരുന്നു ബവ്കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്തെങ്കിലും പല ഷോപ്പുകളിലും ഒടിപി ലഭിക്കാത്തതിനാല്‍ ആപ്പ് ഉപയോഗിക്കാനായില്ല.

prp

Leave a Reply

*