ഭക്ഷ്യവിഷബാധയല്ല, വയനാട് ലക്കിടിയിലെ കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

കല്‍പ്പറ്റ: വയനാട്ടിലെ ലക്കിടി നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ശാരീരികഅസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ ആശുപത്രിയിലാകാന്‍ കാരണം ഭക്ഷ്യവിഷബാധയല്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. എത്ര കുട്ടികള്‍ക്ക് വൈറസ് ബാധയേറ്റു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ മൂലമാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികളാണ് അസുഖ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്‌കൂളിലെ കുടിവെള്ള സ്രോതസ്സില്‍ നിന്നാണ് കുട്ടികള്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സ തേടിയത്. ഛര്‍ദ്ദിയും വയറുവേദനയുമായിരുന്നു ലക്ഷണങ്ങള്‍. 500ഓളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന സ്‌കൂളാണ് ലക്കിടി ജവഹര്‍ നവോദയ വിദ്യാലയം. രണ്ടാഴ്ച മുന്‍പ് കൊച്ചി കാക്കനാട്ടെ സ്‌കൂളിലെ ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും രോഗബാധയുണ്ടായിരുന്നു.

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്്. മലിന ജലത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദി വഴിയും രോഗം വളരെവേഗം പടരും.

വയറുസംബന്ധമായ അസുഖമാണ് നോറോ വൈറസുകള്‍ ഉണ്ടാക്കുന്നത്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും ഈ വൈറസ് കൂട്ടങ്ങള്‍ കാരണമാകും. നോറോ വൈറസ് ആരോഗ്യമുള്ളവരില്‍ കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്

പ്രധാനമായും വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗബാധയുടെ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ അനിയന്ത്രിതമായാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരമാകുകയും ചെയ്യും. നാറോ വൈറസ് ബാധയുടെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

prp

Leave a Reply

*