യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

വാഷിംഗ്ടണ്‍: ഇന്ത്യാവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെ തന്ത്രപ്രധാനമായ വിദേശകാര്യ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി.

ജൂത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് യു.എസ് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാനെ പുറത്താക്കാന്‍ പ്രമേയം അവതരിപ്പിച്ചത്.

പ്രമേയം 218 വോട്ടുകള്‍ക്ക് പാസായി. സഭയിലെ 211 ഡെമോക്രാറ്റുകള്‍ ഇല്‍ഹാന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നവംബറില്‍ നടന്ന മിഡ്ടേം തിരഞ്ഞെടുപ്പിലൂടെയാണ് റിപ്പബ്ലിക്കന്‍മാര്‍ ഡെമോക്രാറ്റുകളില്‍ നിന്ന് സഭയുടെ നിയന്ത്രണം സ്വന്തമാക്കിയത്. ഇല്‍ഹാനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുമെന്ന് 2021 മുതല്‍ റിപ്പബ്ലിക്കന്‍മാര്‍ ആവര്‍ത്തിച്ചിരുന്നു.

2019ലാണ് ഇസ്രയേലിനെതിരെ ഇല്‍ഹാന്‍ വിവാദ പരാമര്‍ശം നടത്തിയത്. യു.എസിനേയും ഇസ്രയേലിനേയും ഹാമസിനോടും താലിബാനോടും താരതമ്യപ്പെടുത്തുകയും ചെയ്തു. ജൂതന്മാരുടെ പണമാണ് യു.എസ് ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇല്‍ഹാന്‍ ക്ഷമാപണം നടത്തി.

ഡെമോക്രാറ്റുകള്‍ക്കിടെയില്‍ പോലും ഇല്‍ഹാനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇല്‍ഹാനെ മറ്റ് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താനാകില്ല എന്ന് താന്‍ പറയില്ലെന്നും എന്നാല്‍ ലോകംഉറ്റുനോക്കുന്ന വിദേശകാര്യ കമ്മിറ്റിയില്‍ അവരെ ഉള്‍പ്പെടുത്താനാകില്ലെന്നും ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി പറഞ്ഞു. മിനസോട്ടയില്‍ നിന്നുള്ള സഭാംഗമായ ഇല്‍ഹാന്‍ 1990കളില്‍ സൊമാലിയന്‍ അഭയാര്‍ത്ഥിയായാണ് യു.എസിലെത്തിയത്. 2018ല്‍ യു.എസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതകളില്‍ ഒരാളായി മാറി ഇല്‍ഹാന്‍.

 ഇന്ത്യാ വിരുദ്ധനയം

ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളിലൂടെ ഇല്‍ഹാന്‍ കഴിഞ്ഞ വര്‍ഷം ബൈഡന്‍ ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ മത, മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് കാട്ടി അവര്‍ ജൂണില്‍ ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഏപ്രിലില്‍ ഇവര്‍ പാക് അധിനിവേശ കാശ്മീരില്‍ സന്ദര്‍ശനം നടത്തിയതും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു.

പാകിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഇല്‍ഹാന്‍ മൗനം പാലിക്കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. ഇല്‍ഹാന്റെ കാശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇല്‍ഹാന്റെ സന്ദര്‍ശനം അനൗദ്യോഗികവും വ്യക്തിഗതവുമാണെന്നും യാതൊരു തരത്തിലും ബൈഡന്‍ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു യു.എസിന്റെ വിശദീകരണം.

prp

Leave a Reply

*