യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തി

ന്യൂഡല്‍ഹി: ഹാഥറസിലേക്കുള്ള യാത്രക്കിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേര്‍ക്കും എതിരെ രാജ്യദ്രോഹ കുറ്റവും യു.പി പൊലീസ് ചുമത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്.

ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പം ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരായ മുസഫര്‍ നഗര്‍ സ്വദേശി അതീഖുര്‍ റസ്മാന്‍, മസൂദ് അഹ്മദ് (ബഹ്‌റൈച്ച്‌), ആലം (റാംപൂര്‍) എന്നിവരും അറസ്റ്റിലായിരുന്നു.

നിരോധനാജ്ഞ ലംഘിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സിദ്ദിഖിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. റിപ്പോര്‍ട്ടിങിനായി ഹാഥറസ് സന്ദര്‍ശിക്കാന്‍ പോയ സിദ്ദിഖിനെ കസ്റ്റഡിയില്‍ എടുത്തത് സുപ്രീംകോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് ഹരജിയില്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പ് നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പൊലീസ് നടപടിയെന്നും ഉടന്‍ സിദ്ദിഖിനെ മോചിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

prp

Leave a Reply

*