പിരിച്ചെടുക്കാനുള്ള നികുതി 21,800 കോടി

തിരുവനന്തപുരം: ധനപ്രതിസന്ധി മറികടക്കാന്‍ ബജറ്റിലെ നികുതി വര്‍ധന വന്‍ വിവാദമായിരിക്കെ റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനം.

2021 മാര്‍ച്ച്‌ വരെ സര്‍ക്കാര്‍ പിരിച്ചെടുക്കാന്‍ ബാക്കിയുള്ള കുടിശ്ശിക 21797.86 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 22.33 ശതമാനം വരും. ഇതില്‍ 7100.32 കോടി അഞ്ച് വര്‍ഷത്തിലേറെയായി പിരിക്കാന്‍ ബാക്കിയുള്ളതാണ്. ഇക്കുറി ബജറ്റില്‍ 4000 കോടിയോളം രൂപയുടെ നികുതി ബാധ്യതയാണ് അടിച്ചേല്‍പ്പിച്ചത്. ഇന്ധന സെസ് അടക്കം കുറക്കണമെന്ന് ആവശ്യം ശക്തമായിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.

ആകെ കുടിശ്ശികയില്‍ 6422.49 കോടി തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വകുപ്പുകള്‍ കൃത്യമായ കുടിശ്ശിക വിവരങ്ങള്‍ നല്‍കുന്നില്ല. കുടിശ്ശിക പിരിക്കേണ്ട വകുപ്പുകള്‍ അതിന് ശ്രമിക്കുന്നില്ല. കുടിശ്ശിക നിരീക്ഷിക്കാനും പിരിച്ചെടുക്കാനും ഫലപ്രദ സംവിധാനം വേണമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

12 വകുപ്പുകളിലായി അഞ്ച് വര്‍ഷത്തിലേറെയായുള്ള 7100.32 കോടി കുടിശ്ശികയുണ്ട്. എക്സൈസ് വകുപ്പിന്‍റെ 1952 മുതലുള്ള കുടിശ്ശിക ഇനിയും ബാക്കിയാണ്. എഴുതിത്തള്ളാനായി സര്‍ക്കാറിലേക്ക് അയച്ച 1905.89 കോടിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍നടപടി എടുത്തില്ല. വില്‍പന നികുതി കുടിശ്ശികയായ 13830.43 കോടിയില്‍ 12924.31 കോടിയും വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്ബനികള്‍ എന്നിവയില്‍നിന്നുള്ളതാണ്. ഇതില്‍ 6878.65 കോടി റവന്യൂ റിക്കവറി നടപടിക്ക് കീഴിലും 5577.10 കോടി സ്റ്റേയിലുമാണ്. എക്സൈസ് കുടിശ്ശിക വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്ബനികള്‍ എന്നിവ നല്‍കാനുള്ളതാണ്.

കുടിശ്ശിക കിട്ടാത്തതിന് പ്രധാന കാരണം സ്റ്റേ നല്‍കുന്നതാണ്. മൊത്തം 6143.28 കോടി (32.79 ശതമാനം) രൂപയാണ് സ്റ്റേയിലുള്ളത്. സ്റ്റേ സര്‍ക്കാറിന്‍റേതും (163.93 കോടി) കോടതികളുടേതും (5979.35 കോടി) ഉണ്ട്. വില്‍പന നികുതിയില്‍ 5577.10 കോടിക്കാണ് സ്റ്റേ. സ്റ്റേ ഒഴിവാക്കാനും തുക ഈടാക്കാനും നടപടിയെടുക്കണമെന്ന് സി.എ.ജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിയമം ദുരുപയോഗം ചെയ്ത് വിദേശ മദ്യ ലൈസന്‍സുകള്‍ എക്സൈസ് അനധികൃതമായി കൈമാറാന്‍ അനുവദിച്ചത് വഴി 26 ലക്ഷം രൂപയുടെ വരുമാന നഷ്ടം വന്നു. പുതിയ ലൈസന്‍സ് പ്രായോഗികമല്ലെന്ന സര്‍ക്കാര്‍ മറുപടി സി.എ.ജി തള്ളി.

രജിസ്ട്രേഷന്‍ വകുപ്പില്‍ 146 കേസുകളില്‍ 11.07 കോടിയുടെ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കിയില്ല. കേന്ദ്ര-പൊതുമരാമത്ത് വകുപ്പ് മാനദണ്ഡങ്ങള്‍ സ്വീകരിക്കാതിരുന്നതിനാല്‍ ഫ്ലാറ്റുകളില്‍നിന്ന് ലഭിക്കേണ്ട 1.51 കോടി സ്റ്റാമ്ബ് തീരുവയും രജിസ്ട്രേഷന്‍ ഫീസും നഷ്ടമായി. തീരുവ അടച്ച രേഖകള്‍ക്കൊപ്പം സ്റ്റോക്കിലെ ചരക്കുകളുടെ ട്രാന്‍സിഷണല്‍ െക്രഡിറ്റ് ക്രമരഹിതമായി അനുവദിച്ചത് മൂലം 6.5 കോടി നഷ്ടമായി. റീഫണ്ട് െക്ലയിം അനുവദിക്കുന്നതില്‍ 628 ദിവസം വരെ കാലതാമസമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

prp

Leave a Reply

*