മകള്‍ക്ക് വരനെ തേടി സുഷമ സ്വരാജ്; വിവാഹം ചെയ്യുന്ന ആളിന് വീടും സര്‍ക്കാര്‍ ജോലിയും

ന്യൂഡല്‍ഹി: മനുഷ്യത്വപരമായ നിലപാടുകള്‍ കൈക്കൊള്ളുന്നതിലൂടെ ജനങ്ങളുടെ മനസില്‍ ഇടം നേടിയ താരം കൂടിയായിരിക്കയാണ് ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.  മകള്‍ക്ക് വരനെ തേടുകയാണ് ഇപ്പോള്‍ സുഷമ. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും വരന് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുന്നു.

15 വര്‍ഷത്തോളം പാകിസ്ഥാനില്‍ താമസിച്ച ശേഷം 2015ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ബധിരയും മൂകയുമായ ഗീതയ്ക്ക് വേണ്ടി വരനെ കണ്ടെത്തേണ്ട ജോലിയാണ് ഇപ്പോള്‍ സുഷമ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിക്കാലത്ത് അബദ്ധത്തില്‍ പാകിസ്ഥാനിലെത്തിയ ഗീതയെ പോലീസ് പിടികൂടുകയും പിന്നീട് സര്‍ക്കാരിന്റെ കീഴിലുള്ള അഭയ കേന്ദ്രത്തില്‍ താമസിപ്പിക്കുകയുമായിരുന്നു. പിന്നീടാണ് കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷന്‍ ഗീതയുടെ സംരക്ഷണം ഏറ്റെടുത്തത്. എന്നാല്‍, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം ഗീതയുടെ കുടുംബത്തെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം നിഷ്ഫലമായിരുന്നു. മാതാപിതാക്കളെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ വന്നെങ്കിലും അവരെയൊന്നും ഗീത തിരിച്ചറിഞ്ഞില്ല.

2017ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗീതയുടെ വിവാഹക്കാര്യം സുഷമ പ്രഖ്യാപിച്ചത്. ഈ മാസം എട്ടിന് സുഷമയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ സിവില്‍ സൊസൈറ്റി അംഗങ്ങള്‍, ബധിരനും മൂകനുമായ ഒരു വരനെ ഗീതയ്ക്കായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഗീത അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വരന് വേണ്ടിയുള്ള അന്വേഷണം വിപുലപ്പെടുത്താന്‍ സുഷമ നിര്‍ദേശം നല്‍കി.

ബധിരരും മൂകരുമായവര്‍ക്കുള്ള യോഗത്തില്‍ ഗീതയുടെ കാര്യം സുഷമ സൂചിപ്പിക്കുകയും ചെയ്തു. ഇതിനോടകം 25 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. സൈനികന്‍, ജ്യോതിഷി, എഴുത്തുകാരന്‍, എഞ്ചിനീയര്‍, കൃഷിക്കാര്‍ തുടങ്ങിയവരും അപേക്ഷ അയച്ചവരില്‍ പെടുന്നു. ഇതില്‍ നിന്ന് 15 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സുഷമയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൂടി പരിശോധിച്ച ശേഷം ഗീതയുടെ സമ്മതത്തോടെ ഇതില്‍ ഒരെണ്ണം തിരഞ്ഞെടുക്കും.

ഗീതയെ വിവാഹം ചെയ്യുന്ന ആളിന് വീടും സര്‍ക്കാര്‍ ജോലിയും ലഭിക്കും. അതേസമയം, സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് വേണ്ടി ഗീതയെ വിവാഹം ചെയ്യാമെന്ന് ആരും കരുതരുത്. ഇങ്ങനെ പറഞ്ഞ ചില അപേക്ഷകള്‍ ഗീത നിരസിക്കുകയും ചെയ്തു.

prp

Related posts

Leave a Reply

*