ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. കേംബ്രിഡ്ജിലെ വീട്ടിലായിരുന്നു അന്ത്യം.

ശരീരം ശോഷിക്കുന്ന അപൂര്‍വരോഗം പിടിപെട്ടിരുന്ന അദ്ദേഹം തന്‍റെ ശാരീരിക അവശതകളെപ്പോലും മറികടന്നാണ് പ്രപഞ്ചരഹസ്യവുമായി ബന്ധപ്പെട്ട നീരക്ഷണങ്ങളും ഗവേഷണങ്ങളും നടത്തിയത്. ലോകത്താകമാനമുള്ള യുവ ഗവേഷകര്‍ക്കും ശാസ്ത്രനിരീക്ഷകര്‍ക്കും ഏറെ പ്രചോദനമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളുടെ പേരിലാണ് ഹോക്കിങ് പ്രശസ്തനായത്. ‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ആണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ശാസ്ത്രരചനകളിലൊന്ന്. പതിറ്റാണ്ടുകളായി താന്‍ ഗവേഷണം നടത്തിയിരുന്ന പ്രപഞ്ചത്തിലെ തമോഗര്‍ത്തങ്ങള്‍ എന്ന സവിശേഷത തന്നെയില്ലെന്നുള്ള 2014 ലെ അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമായിരുന്നു. തന്‍റെ തന്നെ ഗവേഷണഫലം തിരുത്തിക്കുറിച്ചാണ് പുതിയ പഠനഫലം ആധുനിക തമോഗര്‍ത്ത സിദ്ധാത്തത്തിന്‍റെ ഉപജ്ഞാതാവായ സിറ്റീഫന്‍ ഹോക്കിങ് അന്ന് പുറത്തുവിട്ടത്. ‘ആര്‍ക്സൈവ്’ എന്ന ഓണ്‍ലൈന്‍ പബ്ലിക്കേഷനിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17-ാം വയസ്സില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് 1991ല്‍ അവര്‍ വിവാഹമോചനം നേടി.

 

 

prp

Related posts

Leave a Reply

*