അഞ്ഞൂറിലേറെ ശ്രീകൃഷ്ണ ചിത്രം വരച്ചു; നേരിട്ട് ആദ്യമായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സന്തോഷം പങ്കുവച്ച്‌ ജസ്നാ സലിം

സെപ്റ്റംബര്‍ 26ന് തന്റെ സ്വപ്നങ്ങളിലൊന്ന് സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ അംഗമായ ജസ്ന സലിം. താന്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രം ഭഗവാന്റെ നടയില്‍ നേരിട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ഈ കോഴിക്കോട്ടുകാരിയുടെ സന്തോഷത്തിന് കാരണം. ഒരു ചിത്രകാരിയെന്ന നിലയില്‍ പരിശീലനം നേടിയിട്ടില്ല. എന്നാല്‍ 28 കാരിയായ ജസ്ന കഴിഞ്ഞ ആറ് വര്‍ഷമായി ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്.

മുസ്ലീം കുടുംബത്തില്‍ ജനിച്ച ജസ്ന ഒരിക്കലും കൃഷ്ണന്റെ കഥകള്‍ കേള്‍ക്കുകയോ ചിത്രങ്ങള്‍ കാണുകയോ ചെയ്തിരുന്നില്ല. “കൃഷ്ണനെക്കുറിച്ചുള്ള ടിവി സീരിയലുകള്‍ പോലും ഞാന്‍ കണ്ടിട്ടില്ല. തികച്ചും യാദൃശ്ചികമായാണ് ഞാന്‍ ശ്രീകൃഷ്ണനെ വരയ്ക്കാന്‍ തുടങ്ങിയത് ” ജസ്ന ന്യൂസ് 18.കോമിനോട് പറഞ്ഞു.

ശ്രീകൃഷ്ണന്റെ 500ലധികം ചിത്രങ്ങള്‍ വരച്ചിട്ടുള്ള ജസ്നയ്ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാനും താന്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാനും അവസരം ലഭിച്ചത്.

താമരശ്ശേരി പൂനൂര്‍ സ്വദേശികളായ മജീദിന്റെയും സോഫിയയുടെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ ജസ്നയെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ‘കണ്ണാ’ എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. “എന്നാല്‍ അത് ശ്രീകൃഷ്ണന്റെ പേരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ഭര്‍ത്താവ് ഒരു കമ്മ്യൂണിസ്റ്റാണ്. എന്റെ വിവാഹശേഷം കൊയിലാണ്ടിയിലെത്തിയപ്പോള്‍ അദ്ദേഹമാണ് കണ്ണന്‍ ശ്രീകൃഷ്ണന്‍ ആണെന്ന് പറഞ്ഞു തന്നത് ” ജസ്ന പറയുന്നു.

ഒരു ദിവസം ജസ്ന തന്റെ വീട്ടില്‍ ആരോ കൊണ്ടുവന്ന കടലാസില്‍ ഒരു പാത്രത്തില്‍ നിന്ന് വെണ്ണ തിന്നുന്ന ഭഗവാന്‍ കൃഷ്ണന്റെ ചിത്രം കണ്ടു. “ഞാന്‍ ആ സമയത്ത് ഗര്‍ഭിണിയായിരുന്നു, ബെഡ് റെസ്റ്റിലായിരുന്നു. പേപ്പറില്‍ കണ്ണന്റെ ചിത്രം കണ്ടപ്പോള്‍, അത്തരമൊരു ചിത്രം വരയ്ക്കാന്‍ എനിയ്ക്ക് തോന്നി. ആ ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍, ഭര്‍ത്താവ് സലീം അഭിനന്ദിച്ചു. എന്നാല്‍ വീട്ടില്‍ വെക്കാതെ മറ്റാര്‍ക്കെങ്കിലും കൊടുക്കാനും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനത് കുടുംബസുഹൃത്തുക്കളിലൊരാളായ ഒരു ഹിന്ദു കുടുംബത്തിന് സമ്മാനിച്ചു.” തന്റെ പെയിന്റിംഗുകള്‍ക്ക് പിന്നിലെ കഥ വിവരിക്കുമ്ബോള്‍ ജസ്നയ്ക്ക് സന്തോഷം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

“എന്റെ പെയിന്റിംഗ് അവരുടെ വീട്ടില്‍ വെച്ചതിന് ശേഷം അവരുടെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം എന്നോട് പറഞ്ഞു. അവര്‍ അത് പലരോടും പറഞ്ഞു. തുടര്‍ന്ന് ശ്രീകൃഷ്ണ ചിത്രങ്ങള്‍ക്ക് വേണ്ടി പലരും എന്നെ സമീപിച്ചു, ” ജസ്ന കൂട്ടിച്ചേ‍ര്‍ത്തു.

ഇതോടെ ചിത്രകലയോടുള്ള താല്‍പര്യം കൂടി. ഒരു വര്‍ഷം രണ്ടു തവണ വീതം ജസ്ന ഗുരുവായൂ‍ര്‍ അമ്ബലത്തില്‍ ശ്രീകൃഷ്ണ ചിത്രങ്ങള്‍ സമ്മാനിക്കാറുണ്ട്. ഹിന്ദുക്കളല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ ക്ഷേത്രഭരണാധികാരികള്‍ക്കാണ് ചിത്രം സമര്‍പ്പിക്കുക. ഇതിനിടയില്‍, ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെയിന്റിംഗ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
“എന്നാല്‍ ചിത്രം കൊണ്ടുപോയശേഷം ജീവിതത്തിലേക്ക് ഒരുപാട് നല്ലകാര്യം വന്നു എന്ന് പറഞ്ഞു ഒരു സ്ത്രീ വന്ന് അവരുടെ സന്തോഷം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ ജസ്നയുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വരയ്ക്കുന്നത് തുടരാന്‍ അദ്ദേഹം തന്നെ പ്രോത്സാഹനം നല്‍കി “ജസ്ന പറയുന്നു.

മുമ്ബ്, യാതൊരു പണവും വാങ്ങാതെ ജസ്ന ചിത്രങ്ങള്‍ വരച്ച്‌ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചെലവ് വഹിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പണം സ്വീകരിക്കാന്‍ തുടങ്ങി. അടുത്തിടെ പത്തനംതിട്ട ജില്ലയിലെ പന്തളം ഉള്ളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ഒരു ചിത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ഭക്തസംഘം ജസ്നയെ സമീപിച്ചു. ചിത്രം വരച്ച്‌ നേരിട്ട് ക്ഷേത്രത്തില്‍ സമ‍ര്‍പ്പിക്കാനും ജസ്നയ്ക്ക് അവസരം ലഭിച്ചു. “ഇങ്ങനെ ഒരു അവസരം തന്ന ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അധികൃതരോട് നന്ദിയും സന്തോഷവും അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല,” ജസ്ന പറയുന്നു.

prp

Leave a Reply

*